റായ്പുര്‍: വിവാഹിതരായ സ്ത്രീകള്‍ക്ക് ഛത്തീസ്ഗഢ് സര്‍ക്കാരിന്റെ പദ്ധതിയിലൂടെ നല്‍കുന്ന പണം
അനര്‍ഹമായി കൈക്കലാക്കിയ യുവാവ് പിടിയില്‍. വീരേന്ദ്ര ജോഷി എന്ന യുവാവാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. ഇയാള്‍ ബോളിവുഡ് താരം സണ്ണി ലിയോണിന്റെ പേരില്‍ അക്കൗണ്ടെടുത്താണ് പണം കൈക്കലാക്കിയത്. പ്രതിമാസം അക്കൗണ്ടില്‍ നിക്ഷേപിക്കുന്ന ആയിരം രൂപയോളമാണ് ഇയാള്‍ തട്ടിയെടുത്തത്. മഹ്താരി വന്ദന്‍ യോജന എന്ന പദ്ധതി പ്രകാരമാണ് വിവാഹിതരായ സ്ത്രീകള്‍ക്ക് പ്രതിമാസം ആയിരം രൂപ ലഭിക്കുന്നത്. സണ്ണി ലിയോണിന്റെ പേരിലെടുത്ത ഒരു അക്കൗണ്ടില്‍ ഈ പദ്ധതി വഴി പണം ലഭിക്കുന്നുണ്ടെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ളത്.
ഛത്തീസ്ഗഢിലെ താലൂര്‍ഗ്രാമത്തിലാണ് തട്ടിപ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. സംഭവം അന്വേഷിക്കാനും ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാനും ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തട്ടിപ്പ് പുറത്തുവന്ന പശ്ചാത്തലത്തില്‍ ഭരണകക്ഷിയായ ബി.ജെ.പിക്കെതിരേ കോണ്‍ഗ്രസ് വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. പദ്ധതി വഴി പണം ലഭിക്കുന്ന 50 ശതമാനം പേരും അനര്‍ഹരാണെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ആരോപിച്ചു. പദ്ധതിയില്‍ അനര്‍ഹരായവര്‍ ഇത്തരത്തില്‍ പണം കൈപ്പറ്റുന്നുണ്ടോ എന്നതും പരിശോധിച്ചുവരുകയാണ്. ഡിസംബര്‍ നാലിന് സംസ്ഥാനത്തെ 70 ലക്ഷം വിവാഹിതരായ സ്ത്രീകള്‍ക്ക് പദ്ധതിയുടെ പത്താം ഗഡുവായി 652.04 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. ഇതുവരെ 70 ലക്ഷം സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 5,000 കോടി രൂപ പദ്ധതിക്ക് കീഴില്‍ അയച്ചിട്ടുണ്ട്.
