ചെന്നൈ: പാളയത്തമ്മന്‍ എന്ന തമിഴ് സിനിമ കൂടുതല്‍ ആളുകള്‍ കണ്ടിട്ടുണ്ടാവുമോ എന്നറിയില്ല. കണ്ടവരുടെ മനസില്‍ ആ സിനിമയിലെ ഒരു സീന്‍ ഇപ്പോഴും തെളിഞ്ഞു നില്‍ക്കുന്നുണ്ട്.
ക്ഷേത്ര ദര്‍ശനത്തിനിടെ ഒരു കുഞ്ഞ് ഭണ്ഡാര പാത്രത്തില്‍ വീണു. ഭണ്ഡാരത്തില്‍ വീഴുന്നതെന്തായാലും അതു ദൈവത്തിനുള്ള സമര്‍പ്പണമാണെന്ന ദൃഢ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ആ കുഞ്ഞു ക്ഷേത്രത്തിന്റേതായി മാറുന്നതാണ് സിനിയുടെ ഉള്ളടക്കം.
തമിഴ്‌നാട്ടിലെ ചെങ്കല്‍പ്പെട്ട ജില്ലയിലെ തിരുപോരൂര്‍ അരുള്‍മിഗുകന്ദസ്വാമി ക്ഷേത്ര ഭണ്ഡാരത്തില്‍ കഴിഞ്ഞ ദിവസം ഒരു ഭക്തന്റെ ഐ ഫോണ്‍ വീണു. ഭണ്ഡാരത്തില്‍ നേര്‍ച്ച സമര്‍പ്പിക്കുന്നതിനു പോക്കറ്റില്‍ നിന്നു പണമെടുക്കുന്നതിനിടയിലാണ് ഫോണ്‍ ഭണ്ഡാരത്തില്‍ വീണതെന്നു പറയുന്നു. വിനായകപുരത്തെ ദിനേശിന്റെ ഫോണായിരുന്നു ഭണ്ഡാരത്തില്‍ വീണത്. ദിനേശ് വിവരം ക്ഷേത്ര ഭാരവാഹികളെ അറിയിച്ചു. ഫോണ്‍ തിരിച്ചു ചോദിക്കുകയും ചെയ്തു. എന്നാല്‍ ഭണ്ഡാരത്തില്‍ വീഴുന്നത് ദൈവത്തിനുള്ള സമര്‍പ്പണമാണെന്നും ദൈവത്തിനുള്ള വഴിപാട് മടക്കിക്കൊടുക്കാനാവില്ലെന്നും അവര്‍ മറുപടി പറഞ്ഞു. ദിനേശിന്റെ വിഷമം കണ്ട അവര്‍ സിംകാര്‍ഡ് തിരിച്ച് കൊടുക്കാന്‍ തയ്യാറായെങ്കിലും മറ്റൊരു സിംകാര്‍ഡ് എടുത്തതിനാല്‍ ഭണ്ഡാരത്തില്‍ വീണ ഐ ഫോണിന്റെ സിംകാര്‍ഡും ദിനേശ് ക്ഷേത്ര ഭരണ സമിതി ഭാരവാഹികള്‍ക്കു നല്‍കി സമാധാനത്തോടെ മടങ്ങി. ഇരുമ്പുവേലി കെട്ടിയ ഭണ്ഡാരത്തില്‍ ഫോണ്‍ അബദ്ധത്തില്‍ എങ്ങനെയാണ് വീഴുകയെന്ന് ഭാരവാഹികളും ആരാഞ്ഞു.
