കാസര്‍കോട്: കാണാതായ ശേഷം തിരിച്ചെത്തിയ കമിതാക്കളെ വിവാഹം കഴിച്ചു കൊടുക്കാതിരുന്നതിനെ തുടര്‍ന്ന് വീണ്ടും കാണാതായി. യുവാവിന്റെ മാതൃസഹോദരന്‍ നല്‍കിയ പരാതിയില്‍ കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇച്ചിലമ്പാടി, കൊടിയമ്മ, ഉജാര്‍ഹൗസിലെ അഹമ്മദ് നൗഫലി(30)നെ കാണാതായതിന് അമ്മാവന്‍ അബൂബക്കര്‍ സിദ്ദിഖിന്റെ പരാതി പ്രകാരമാണ് കേസ്. ഡിസംബര്‍ 18ന് രാത്രി 11.30ന് വീട്ടില്‍ നിന്നാണ് കാണാതായതെന്നും കൂടെ കാമുകി ഉള്ളതായും പരാതിയില്‍ പറഞ്ഞു. അഹമ്മദ് നൗഫലുമായി ഉളുവാര്‍ സ്വദേശിനിയായ നസ്രീന എന്ന യുവതി പ്രണയത്തിലായിരുന്നു. പ്രസ്തുത യുവതിയെ ഡിസംബര്‍ 13ന് രാത്രി വീട്ടില്‍ നിന്നു കാണാതായിരുന്നു. ഈ സംഭവത്തില്‍ കുമ്പള പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടയില്‍ യുവതിയും അഹമ്മദ് നൗഫലും തിരിച്ചെത്തി. പിന്നീട് തങ്ങളുടെ വിവാഹം കഴിച്ചു തരണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ ബന്ധപ്പെട്ട ജമാഅത്ത് കമ്മിറ്റിയെ സമീപിച്ചുവെങ്കിലും അനുകൂലമായ തീരുമാനം ഉണ്ടായില്ലെന്നു പറയുന്നു. തുടര്‍ന്നാണ് ഇരുവരെയും വീണ്ടും കാണാതായത്. ഇരുവരെയും കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു.
