കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് ഇരട്ടക്കൊലപാതകം നടത്തിയ കേസില്‍ പ്രതിക്ക് ഇരട്ട ജീവപര്യന്തം കഠിന തടവും 20 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോട്ടയം അഡീഷണല്‍ സെക്ഷന്‍സ് കോടതി. ശിക്ഷ വേവ്വേറെ അനുഭവിക്കണം. വിവിധ വകുപ്പുകളില്‍ 8 വര്‍ഷവും മൂന്നു മാസവും ശിക്ഷ ആദ്യം അനുഭവിക്കണം. ശേഷം ഇരട്ട ജീവപര്യന്തവും അനുഭവിക്കണം. കാഞ്ഞിരപ്പള്ളി കരിമ്പനാല്‍ പടിയില്‍ കരിമ്പനാല്‍ വീട്ടില്‍ ജോര്‍ജ് കുര്യ(പാപ്പന്‍ 54)നെയാണ് കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് ജെ. നാസര്‍ ശിക്ഷിച്ചത്. സഹോദരന്‍ രഞ്ജു കുര്യന്‍, മാതൃസഹോദരന്‍ പൊട്ടന്‍കുളത്തില്‍ മാത്യു സ്‌കറിയ(78) എന്നിവരെ വെടിവച്ച് കൊന്ന കേസിലാണ് വിധി. 2022 മാര്‍ച്ച് ഏഴിനായിരുന്നു നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം.
സംഭവത്തിന് പിന്നാലെ തന്നെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതിവേഗത്തില്‍ വീചാരണയും പൂര്‍ത്തിയാക്കി. എന്നാല്‍ വിചാരണ കാലയളവില്‍ പ്രൊസിക്യൂഷന്‍ ഹാജരാക്കിയ ഭൂരിഭാഗം സാക്ഷികളും കൂറുമാറി. പ്രതിയുടെ അമ്മയും ബന്ധുക്കളും നാട്ടുകാരില്‍ ചിലരും കൂറുമാറിയവരിലുണ്ടായിരുന്നു. എന്നാല്‍ ശാസ്ത്രീയ തെളിവുകളാണ് കേസില്‍ നിര്‍ണായകമായത്. വെടിവെയ്ക്കാന്‍ ഉപയോഗിച്ച തോക്ക് കണ്ടെത്തി ഹാജരാക്കാന്‍ കഴിഞ്ഞത് നേട്ടമായി. കൊലപാതകം, വീട് കയറി ആക്രമിക്കല്‍, ആയുധം കൈയ്യില്‍വയ്ക്കല്‍, സാക്ഷികളെ ഭീഷണിപ്പെടുത്തല്‍ തുടങ്ങി പൊലീസ് ചുമത്തിയ കുറ്റങ്ങളെല്ലാം തെളിയിക്കാന്‍ പൊലീസിന് കഴിഞ്ഞു. നീണ്ടു പോയ വിചാരണ ഹൈക്കോടതിയുടെ ഇടപെടലിനെ തുടര്‍ന്നാണ് വേഗത്തിലാക്കിയത്. ക്രിസ്മസ് അവധിക്ക് മുമ്പ് നടപടികള്‍ പൂര്‍ത്തിയാക്കണമെന്നായിരുന്നു ഹൈക്കോടതി നിര്‍ദേശം.
പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സി എസ് അജയന്‍, അഡ്വ. നിബു ജോണ്‍, അഡ്വ. സ്വാതി എസ് ശിവന്‍ എന്നിവര്‍ ഹാജരായി.
