കണ്ണൂര്‍: പുതിയതെരുവിലെ അടച്ചിട്ട ധനരാജ് തിയേറ്ററില്‍ നിന്ന് 15 ലക്ഷം രൂപയുടെ സാധനങ്ങള്‍ കവര്‍ച്ച ചെയ്തു. ദേശീയപാതയോട് ചേര്‍ന്നുകിടക്കുന്ന തിയേറ്റര്‍ കൊവിഡ് കാലത്താണ് അടച്ചത്. പിന്നെ തുറന്ന് പ്രവര്‍ത്തിച്ചില്ല. ഒരു മാസം മുമ്പ് തിയേറ്റര്‍ ഉടമകള്‍ സ്ഥലത്തെത്തി പരിശോധന നടത്തി മടങ്ങിപ്പോയതാണ്. എന്നാല്‍ എന്തെങ്കിലും നഷ്ടപ്പെട്ടതായി അന്ന് കണ്ടെത്തിയിരുന്നില്ല. കഴിഞ്ഞദിവസം ഉടമകള്‍ വീണ്ടും വന്ന് പരിശോധന നടത്തിയപ്പോഴാണ് തിയേറ്ററിന്റെ അനുബന്ധ ഭാഗങ്ങള്‍, പ്രൊജക്ടര്‍, എസി, യു.പി.എസ്, ആംപ്ലിഫയര്‍, നിരവധി ഡോള്‍ബി സ്പീക്കര്‍, വിവിധ യന്ത്രസാമഗ്രികള്‍, ചെമ്പ് വയറുകള്‍ ഉള്‍പ്പെടെയുള്ളവ കവര്‍ച്ച ചെയ്തതായി മനസിലായത്. ധനരാജ് തിയേറ്റര്‍ മഹിള ട്രസ്റ്റാണ് നടത്തുന്നത്. ട്രസ്റ്റിന്റെ പരാതിയില്‍ വളപട്ടണം പൊലീസ് കേസെടുത്തു. എസ്.ഐ ടി.എന്‍ വിപിന്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
