മംഗളൂരു: ക്രിസ്മസ് പുതുവത്സര കാലത്ത് സ്വീകരിക്കേണ്ട സുരക്ഷ മുൻകരുതലിനായി കേരള കർണാടക റെയിൽവേ പൊലീസും ആർ പി എഫും മംഗളൂരുവിൽ യോഗം ചേർന്നു. കേരള റെയിൽവേ പൊലീസ് സൂപ്രണ്ടിന്റെ പ്രത്യേക നിർദ്ദേശപ്രകാരമാണ് യോഗം നടന്നത്. സംയുക്ത ബോർഡർ ക്രൈം റിവ്യൂ മീറ്റിംഗ് മംഗളൂരു സിറ്റി അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ ഗീത കുൽക്കർണി ഉദ്ഘാടനം ചെയ്തു. ക്രിസ്മസ് പുതുവത്സര കാലത്ത് സ്വീകരിക്കേണ്ട സുരക്ഷ മുൻകരുതലുകളെ കുറിച്ചും, ഇക്കാലയളവിൽ ട്രെയിനുകളിൽ നടക്കാനിടയുള്ള ലഹരിക്കടത്തിനെക്കുറിച്ചും, ഉത്സവ സീസണിൽ ഉണ്ടാകുന്ന തിരക്കുകൾ കണക്കിലെടുത്ത് യാത്രക്കാരുടെ സുരക്ഷിതമായ യാത്രയ്ക്ക് വേണ്ടുന്ന മുൻകരുതലുകൾ നടപടി സ്വീകരിക്കുന്നതിനെ കുറിച്ചും, ട്രെയിൻ യാത്രയിൽ വിദ്യാർത്ഥികൾ തമ്മിൽ നടക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും വിശദമായ ചർച്ച നടന്നു. കുറ്റകൃത്യങ്ങൾ ചെയ്യുന്നവരെ കുറിച്ചുള്ള വിവരങ്ങൾ കൈമാറാൻ സംയുക്ത വാട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി തുടർ നടപടി സ്വീകരിക്കാനും ധാരണയായി. ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിലെ ആർ പി എഫ് ഇൻസ്പെക്ടർ മനോജ് കുമാർ യാദവ്, മംഗളൂരു സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ ആർ പി എഫ് ഇൻസ്പെക്ടർ അക്ബർ അലി, മംഗളൂരു ഗവൺമെന്റ് റെയിൽവേ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീ ജയാനന്ദ്, മംഗളൂരു റൂറൽ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശിവകുമാർ, മംഗളൂരു ഗവൺമെന്റ് റെയിൽവേ പൊലീസ് സ്റ്റേഷൻ എസ് ഐ ഇന്ദിര, കാസർകോട് റെയിൽവേ പൊലീസ് സ്റ്റേഷൻ എസ് എച്ച് ഒ രജികുമാർ, ഇന്റലിജൻസ് സി പി ജ്യോതിഷ് ജോസ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.
