കണ്ണൂര്‍: ഉളിക്കല്‍, പരീക്കളത്ത് വെള്ളിയാഴ്ച രാവിലെ ഉണ്ടായ ബോംബു സ്‌ഫോടനവുമായി ബന്ധപ്പെട്ട് യുവാവ് അറസ്റ്റില്‍. പരിക്കളം സ്വദേശിയായ എം. ഗിരീഷി(37)നെയാണ് ഉളിക്കല്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ അരുണിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. ബിജെപി പ്രവര്‍ത്തകന്‍ ആയിരുന്ന ഗിരീഷ് മാസങ്ങള്‍ക്കു മുമ്പാണ് സിപിഎമ്മില്‍ ചേര്‍ന്നത്.
വെള്ളിയാഴ്ച രാവിലെ പ്രദേശത്തെ നടുക്കിക്കൊണ്ടാണ് സ്‌ഫോടനം ഉണ്ടായത്. ശബ്ദം കേട്ട അയല്‍വാസികള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഉളിക്കല്‍ എ.എസ്.പി യോഗേഷ് മന്ദയ്യ, ഇന്‍സ്‌പെക്ടര്‍ അരുണ്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസെത്തി ഗിരീഷിനെ ചോദ്യം ചെയ്തു. സ്‌ഫോടനം നടക്കുന്ന സമയത്ത് താന്‍ പെയ്ന്റിംഗ് പണിക്ക് പോയതാണെന്നും അമ്മ വിളിച്ചു പറഞ്ഞിട്ടാണ് തിരിച്ചെത്തിയതെന്നും മൊഴി നല്‍കി.
പൊലീസ് നടത്തിയ വിശദമായ പരിശോധനയില്‍ വീടിന്റെ പിന്‍ഭാഗത്താണ് സ്‌ഫോടനം നടന്നതെന്നു വ്യക്തമായി. ബോംബ് വീണ് നിലം കുഴിയുകയും പ്രസ്തുത സ്ഥലത്ത് വെള്ളം ഒഴിച്ചതായും കണ്ടെത്തി. ഇതോടെ പൊലീസിനു സംശയം കൂടി. വീട്ടിനകത്തു പരിശോധന നടത്താനുള്ള ശ്രമം നടത്തിയതോടെ ഗിരീഷ് പൊലീസിനോട് തട്ടിക്കയറി. ഇതു വക വെയ്ക്കാതെ പൊലീസ് വീടിന്റെ ടെറസില്‍ പരിശോധന നടത്തിയപ്പോഴാണ് മൂന്നു ബോംബുകള്‍ കണ്ടെത്തിയത്. ഇവയുടെ കൂടെ ഉണ്ടായിരുന്ന ബോംബ് കാക്ക കൊത്തി താഴെ ഇട്ടപ്പോഴാണ് സ്‌ഫോടനം നടന്നതെന്നു സംശയിക്കുന്നു. ഐസ്‌ക്രീം ബോംബാണ് പിടികൂടിയത്. കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചു വരുന്നു.

സി.പി.എമ്മിൽ ചേർന്നതിൻ്റെ ഭായമായുള്ള സന്തോഷം ബോംബ് പൊട്ടിച്ച് ആഘോഷിച്ചതാവും