ആനയെഴുന്നള്ളിപ്പ്; ചട്ടങ്ങള്‍ നിര്‍മ്മിക്കാനുള്ള അധികാരം ഹൈക്കോടതിക്ക് ഇല്ല, മാര്‍ഗ നിര്‍ദേശങ്ങള്‍ സുപ്രീംകോടതി തളളി

ന്യൂഡല്‍ഹി: ആനയെഴുന്നള്ളിപ്പ് സംബന്ധിച്ച് മാര്‍ഗനിര്‍ദേശം പുറത്തിറക്കികൊണ്ടുള്ള ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ഹൈക്കോടതി ഈ ഉത്തരവ് പ്രായോഗികമല്ലെന്നും നിലവിലെ സുപ്രീം കോടതി പുറത്തിറക്കിയ ചട്ടങ്ങള്‍ പാലിച്ചുകൊണ്ട് ആനയെഴുന്നള്ളിപ്പ് നടത്താമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. ശൂന്യതയില്‍ നിന്ന് ഉത്തരവിറക്കാനാകില്ലെന്ന് ജസ്റ്റിസ് നാഗരത്‌ന നിരീക്ഷിച്ചു. ആന എഴുന്നള്ളിപ്പിലെ നിയന്ത്രണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ നല്‍കിയ അപ്പീലിലാണ് സുപ്രീം കോടതിയുടെ ഇടപെടല്‍. 2012 ലെ ചട്ടങ്ങള്‍ പ്രകാരം ആന എഴുന്നള്ളിപ്പിന് കൃത്യമായ മാര്‍ഗരേഖയുണ്ടെന്നും ആ മാര്‍ഗരേഖയ്ക്കപ്പുറത്തേക്കുള്ള നിര്‍ദേശങ്ങള്‍ ഹൈക്കോടതിയ്ക്ക് നല്‍കാന്‍ സാധിക്കില്ലെന്നും കോടതി പറഞ്ഞു. ഹൈക്കോടതി ഉത്തരവില്‍ പറയുന്നതുപോലെ ആനകള്‍ക്ക് എങ്ങനെയാണ് മൂന്ന് മീറ്റര്‍ അകലം പാലിക്കാന്‍ സാധിക്കുമെന്നും സുപ്രീം കോടതി ആരാഞ്ഞു.
പകല്‍ ഒമ്പത് മണി മുതല്‍ അഞ്ച് മണിവരെ എഴുന്നള്ളിപ്പ് പാടില്ല എന്നുള്ള ഹൈക്കോടതി ഉത്തരവ് പ്രായോഗികമായി നടപ്പിലാക്കാന്‍ സാധിക്കില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ജനുവരി അഞ്ചിന് നടക്കുന്ന ചടങ്ങുകള്‍ക്ക് ഉത്തരവ് ബാധകമാകില്ല. കേസില്‍ സംസ്ഥാന സര്‍ക്കാരിനും ആന ഉടമസ്ഥരുടെ സംഘടനകള്‍ക്ക് അടക്കം നോട്ടീസ് സുപ്രീം കോടതി നോട്ടീസ് നല്‍കി. 250 വര്‍ഷത്തോളമായി നടക്കുന്ന ഉത്സവമാണ് ത്യശൂര്‍ പൂരമെന്നും എല്ലാ നിര്‍ദ്ദേശങ്ങളും പാലിക്കുന്നുണ്ടെന്നും ദേവസ്വങ്ങള്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചു. ഹൈക്കോടതി ഉത്തരവ് പൂരം നടത്തിപ്പിനെ തന്നെ ബാധിക്കുമെന്ന് കപില്‍ സിബല്‍ പറഞ്ഞു. യൂനെസ്‌കോയുടെ പട്ടികയിലുള്ള ഉത്സവമാണ്. ആനകളുടെ എഴുന്നള്ളിപ്പ് നിയമങ്ങള്‍ പാലിക്കാതെയാണെന്നും ആനകളെ കൊണ്ട് പോകുന്നത് വലിയ അപകടസാധ്യതയിലാണെന്നും മൃഗസ്‌നേഹികളുടെ സംഘടന വാദിച്ചു. കേസില്‍ ദേവസ്വങ്ങള്‍ക്കായി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍, അഭിഭാഷകരായ എം ആര്‍ അഭിലാഷ്, മഹേഷ് ശങ്കര്‍ സുഭന്‍ എന്നിവര്‍ ഹാജരായി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page