ബംഗ്ളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റം ചുമത്തിയിട്ടുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് 83കാരിയുടെ 1.24 കോടി രൂപ തട്ടിയെടുത്തു. മല്ലേശ്വരം സ്വദേശി വസന്ത് കോകിലം (83)ആണ് സൈബര്‍ തട്ടിപ്പിനു ഇരയായത്. ഇതു സംബന്ധിച്ച പരാതിയില്‍ സൈബര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മുംബൈ പൊലീസ് വിളിക്കുന്നതാണെന്നു പറഞ്ഞാണ് വസന്ത് കോകിലത്തിനു ഫോണ്‍ കോള്‍ എത്തിയത്. ‘നിങ്ങളുടെ പേരില്‍ മറ്റൊരു ഫോണ്‍ നമ്പര്‍ ഉണ്ടെന്നും പ്രസ്തുത നമ്പര്‍ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടെന്നുമായിരുന്നു ഫോണ്‍ വിളിച്ചയാള്‍ പറഞ്ഞത്. ഇതു കേട്ട് വസന്ത് കോകിലം പരിഭ്രാന്തയാവുകയും ഫോണ്‍ കട്ട് ചെയ്യുകയും ചെയ്തു. കുറച്ച് സമയത്തിനു ശേഷം അജ്ഞാതര്‍ വസന്തയെ വാട്സ്ആപ്പില്‍ വിളിച്ച് സിബിഐ ഉദ്യോഗസ്ഥരാണെന്നു പറഞ്ഞു. ബാങ്ക് അക്കൗണ്ട് നമ്പരും മറ്റും തന്ത്രപൂര്‍വ്വം കൈക്കലാക്കിയ ശേഷമാണ് തട്ടിപ്പുകാര്‍ ഫോണ്‍ കട്ട് ചെയ്തത്. പിന്നീടാണ് താന്‍ തട്ടിപ്പിനു ഇരയായ കാര്യം പരാതിക്കാരിക്ക് മനസ്സിലായതും പൊലീസില്‍ പരാതി നല്കിയതും.
