കൊച്ചി: അന്തരിച്ച സിപിഎം നേതാവ് എംഎം ലോറന്‍സിന്റെ മൃതദേഹം മതാചാരപ്രകാരം സംസ്‌കരിക്കാന്‍ വിട്ട് നല്‍കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജ് ഏറ്റെടുത്ത നടപടി ശരിവച്ചാണ് ഹൈക്കോടതി ഉത്തരവ്. ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജിയില്‍ വിധി പറഞ്ഞത്. നേരത്തെ സിംഗിള്‍ ബെഞ്ചും ഈ ഹര്‍ജി തള്ളിയിരുന്നു. പെണ്‍മക്കളായ സുജാതയും, ആശയുമാണ് ഹര്‍ജിയുമായി ഹൈക്കോടതിയിലെത്തിയത്. എന്നാല്‍ വിശദമായ വാദം കേട്ട കോടതി ഹര്‍ജി തള്ളുകയായിരുന്നു. മൃതദേഹം പഠനാവശ്യത്തിന് കൈമാറാമെന്ന കളമശ്ശേരി മെഡിക്കല്‍ കോളേജ് ഉപദേശക സമിതിയുടെ തീരുമാനം കോടതി ശരിവെച്ചു. മൃതദേഹം നിലവില്‍ എറണാകുളം മെഡിക്കല്‍ കോളേജിന് കൈമാറിയിരിക്കുകയാണ്. അതേസമയം, നിയമ പോരാട്ടം തുടരുമെന്നും ഇതിനായി സുപ്രീംകോടതിയെ സമീപിക്കുമെന്നും ആശ ലോറന്‍സ് പ്രതികരിച്ചു. സെപ്റ്റംബര്‍ 21 നു ന്യൂമോണിയ ബാധയെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം സംഭവിച്ചത്.
മൃതദേഹം മെഡിക്കല്‍ പഠനാവശ്യത്തിന് ഉപയോഗിക്കാനായി കളമശ്ശേരി മെഡിക്കല്‍ കോളേജിന് കൈമാറണമെന്നുമുള്ള തന്റെ പിതാവിന്റെ ആഗ്രഹം മകന്‍ എംഎല്‍ സജീവന്‍
സിപിഎം നേതൃത്വത്തെ അറിയിക്കുകയായിരുന്നു. ഇതനുസരിച്ച് മൃതദേഹം കൈമാറാനിരിക്കെ ലോറന്‍സുമായി ഏറെ നാളായി പിണങ്ങി കഴിഞ്ഞിരുന്ന മകള്‍ ആശ എതിര്‍പ്പുമായി രംഗത്തെത്തുകയായിരുന്നു.
