കരിവെള്ളൂര്‍: പ്രശസ്ത നോവലിസ്റ്റ് ലളിതാംബിക അന്തര്‍ജനത്തിന്റെ ‘മാണിക്കന്‍ ‘എന്ന കഥയെക്കുറിച്ച് പാലക്കുന്ന് പാഠശാല ഗ്രന്ഥാലയം നടത്തിയ ചര്‍ച്ച ആത്മാവിനെ തൊട്ടുണര്‍ത്തിയ അവിസ്മരണീയ അനുഭവമായി.വളര്‍ത്തുമൃഗങ്ങളെ കുടുംബാംഗങ്ങളെപ്പോലെ പേരിട്ട് വിളിച്ച് ഓമനിച്ച് പോറ്റിയിരുന്ന ഒരു കാലത്തെക്കുറിച്ച് കാലിച്ചാനടുക്കം ഗവ.ഹൈസ്‌കൂള്‍ പ്രധാനാധ്യാപകന്‍ നാരായണന്റെ അവതരണം ഗൃഹാതുരത്വമുണര്‍ത്തി. സ്വന്തം മാതാപിതാക്കളെപ്പോലും പാഴ് വസ്തുക്കളായി കരുതുന്ന ഇക്കാലത്ത്
ഭൂമിയുടെ അവകാശികളായി, നമ്മോടൊപ്പം ജീവിച്ച് മരിക്കാന്‍ അവകാശമുള്ള മിണ്ടാപ്രാണികളെ ഉപയോഗം കഴിഞ്ഞാല്‍ ഉപേക്ഷിക്കേണ്ട ഉപഭോഗവസ്തു മാത്രമായി കരുതപ്പെടുന്നതില്‍ അത്ഭുതമല്ലെന്ന് അദ്ദേഹം പറഞ്ഞു.
മാണിക്കന്‍ എന്ന കാളയുടെ കഥ കരുണ, ദീനാനുകമ്പ, സഹജീവി സ്‌നേഹം, അഹിംസ എന്നീ നല്ല ഗു ണങ്ങള്‍ കുഞ്ഞു മനസ്സുകളില്‍ തളിരിടുന്നതിനു എത്രയോ സഹായിച്ചിരുന്നുവെന്നു പാഠപുസ്തകത്തില്‍ പരിചയപ്പെട്ട ആ കഥയിലെ ഗുണപാഠം മുതിര്‍ന്ന ശ്രോതാക്കള്‍ ഓര്‍മ്മിച്ചു. പുലമാടത്തിലേക്ക് ജന്‍മിയുടെ വീട്ടില്‍ നിന്നും കൊണ്ടുവന്ന മാണിക്കന്‍ എന്ന കാളക്കുട്ടനെ കറമ്പനും മകന്‍ അഴകനും മകള്‍ നീലിയും ഓമനിച്ചു വളര്‍ത്തി. അവരുടെ സ്‌നേഹവാത്സല്യങ്ങളേറ്റ് വളര്‍ന്ന അവന്‍ ഒരു ഒത്ത ഉഴവു കാളയായി. അഴകുറ്റ മാണിക്കനെക്കണ്ട് അസൂയ മൂത്ത ചിലരുടെ ഏഷണി കേട്ട യജമാനന്‍ മാണിക്കനെ ബലമായി പിടിച്ചുകൊണ്ടുപോയി ഏതോ വണ്ടിക്കാരനു വിറ്റു. കാലങ്ങള്‍ക്കു ശേഷം, ജീവിത പ്രാരാബ്ധ നിവൃത്തിക്കായി കൂപ്പുപണിയ്ക്ക് പോയ അഴകന്‍ കഷ്ടപ്പെട്ട് സമ്പാദിച്ച ഇത്തിരി കാശുമായി തിരിച്ചുവരും വഴി രാത്രിയില്‍ കൊക്കയില്‍ വീണു കിടന്ന കാളവണ്ടിയിലെ വണ്ടിക്കാരനെയും കൊമ്പും കാലുമൊടിഞ്ഞ കാളയെയും രക്ഷപെടുത്തുന്നു. അര്‍ദ്ധ വെളിച്ചത്തില്‍ ആ വയസ്സന്‍ കാളയുടെ കഴുത്തിനു കീഴിലെ നേര്‍ത്ത പുള്ളി കണ്ട് തന്റെ കളിത്തോഴനെ തിരിച്ചറിയുന്നു. തന്റെ കാളയെ അറവുശാലയ്ക്ക് വില്‍ക്കുന്നുവെന്ന വണ്ടിക്കാരന്റെ വാക്കുകള്‍ ഞെട്ടലോടെ കേള്‍ക്കുന്നു.
പണിയെടുത്ത് മിച്ചം വെച്ച നാലര രൂപയ്ക്ക് കാലും കൊമ്പുമൊടിഞ്ഞ മാണിക്കനെ വാങ്ങി മുടന്തി മുടന്തി തന്റെ കുടിലിലേക്ക് എത്തിക്കുന്നു. അവിടെ വിശന്ന വയറുമായി പാവാടത്തുണിയും പയവും മുട്ടായിയും കാത്തിരുന്ന മക്കള്‍ക്കു മുന്‍പിലേക്കെത്തുന്നു. കഥാ പ്രസംഗം പോലെ ഹൃദ്യമായ അവതരണം
ശ്രോതാക്കളെ കണ്ണീരിലാഴ്ത്തി.
പ്രകൃതിരമണീയമായ വയല്‍ക്കരയിലെ കൊടക്കല്‍ നാരായണന്റെയും ഷീബയുടെയും വീട്ടുമുറ്റത്ത് നടന്ന പരിപാടിയില്‍ പി.വി. വിജയന്‍ അധ്യക്ഷത വഹിച്ചു. ബേബി ടി.ടി ദിയ, ടി.വി. ഗിരിജ, കൊടക്കാട് നാരായണന്‍, ശശിധരന്‍ ആലപ്പടമ്പന്‍, എം. അമ്പുകുഞ്ഞി, കെ.വി. മധു, കെ. സുബൈര്‍, കെ.സി. മാധവന്‍ പ്രസംഗിച്ചു.
