കോതമംഗലത്ത് വീണ്ടും കാട്ടാന ആക്രമണം; 45 കാരനെ ആന ചവിട്ടിക്കൊന്നു; മൃതദേഹം ആശുപത്രിയിലേക്ക് മാറ്റാൻ അനുവദിച്ചില്ല; നാട്ടുകാരുടെ പ്രതിഷേധം തുടരുന്നു

കൊച്ചി: കോതമംഗലം കുട്ടമ്പുഴ ഉരുളൻതണ്ണിയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു. കൊടിയാട്ട് എൽദോസ് (45) ആണ് മരിച്ചത്. ബസ്സിറങ്ങി ക്ണാച്ചേരിയിലെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം. തൊട്ടുപിന്നിൽ നടന്നുവരികയായിരുന്ന ആൾ തലനാരിഴയ്‌ക്ക്‌ രക്ഷപ്പെട്ടു. ഉരുളൻതണ്ണി ഫോറസ്റ്റ് സ്‌റ്റേഷനുസമീപം ക്ണാച്ചേരിക്ക് പോകുന്ന വഴിയിൽ തിങ്കൾ രാത്രി എട്ടരയ്‌ക്കാണ്‌ സംഭവം. എറണാകുളത്ത്‌ സെക്യൂരിറ്റി ജീവനക്കാരനായ എൽദോസ്‌ ജോലി കഴിഞ്ഞ്‌ മടങ്ങിയതായിരുന്നു. കെഎസ്‌ആർടിസി ബസിൽ ക്‌ണാച്ചേരിയിൽ ഇറങ്ങി വീട്ടിലേക്ക്‌ നടന്നുപോകുമ്പോഴാണ്‌ കാട്ടാന ആക്രമിച്ചത്‌. വഴിയുടെ ഇരുവശവും കാടാണ്. കുറച്ച് ദൂരം പിന്നിടുമ്പോൾ മാത്രമാണ്‌ ജനവാസമേഖല. കാട്ടാനയുടെ മുന്നിൽ അകപ്പെട്ട എൽദോസിന്‌ രക്ഷപ്പെടാനായില്ല. പിന്നിൽ ഉണ്ടായിരുന്ന ആൾ രക്ഷപ്പെട്ട്‌ ഓടി നാട്ടുകാരെയും വനംവകുപ്പ്‌ ഉദ്യോഗസ്ഥരെയും വിവരം അറിയിക്കുകയായിരുന്നു. എൽദോസിന്റെ തല ഒഴികെ ചിന്നഭിന്നമായ നിലയിലാണ്. തുടർച്ചയായി രണ്ടു മരണങ്ങൾ സംഭവിച്ചതോടെ നാട്ടുകാർ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ച് പ്രതിഷേധിച്ചു. മൃതദേഹം എടുക്കാനായി അനുവദിച്ചില്ല. ആംബുലൻസ് തിരിച്ചയച്ചു. സംഘർഷാവസ്ഥയെ തുടർന്ന്‌ പുത്തൻകുരിശ്‌ ഡിവൈഎസ്‌പി വി ടി ഷാജന്റെ നേതൃത്വത്തിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചു. വനംവകുപ്പ്‌ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ആന്റണി ജോൺ എംഎൽഎയും വിവരമറിഞ്ഞ്‌ സ്ഥലത്തെത്തി. കഴിഞ്ഞ ദിവസവും പ്രദേശത്ത് കാട്ടാനയുടെ ആക്രമണ്ടായിരുന്നു. ശനിയാഴ്ച വൈകിട്ട്‌ നേര്യമംഗലം ചെമ്പൻകുഴിക്കുസമീപം കാട്ടാന പിഴുതെറിഞ്ഞ മരം വീണ്‌ എൻജിനിയറിങ്‌ വിദ്യാർഥിനിയും കൊല്ലപ്പെട്ടിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page