മൊഗ്രാല്‍: മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക അക്കാദമിയുടെ കീഴിലുള്ള സ്‌കൂള്‍ ഓഫ് മാപ്പിള ആര്‍ട്‌സിന്റെ മാപ്പിളപ്പാട്ട് പരിശീലന കേന്ദ്രത്തിന് അടുത്തവര്‍ഷം ആരംഭത്തോടെ തുടക്കമാവും. മൊഗ്രാല്‍ ഫ്രണ്ട്‌സ് ക്ലബ് ഓഫീസില്‍ താല്‍ക്കാലികമായി ഇതിന് സൗകര്യം ഒരുക്കും. ജില്ലയില്‍ നിന്നുള്ള 15 നും 25നും വയസ്സ് പ്രായമുള്ള കുട്ടികള്‍ക്കാണ് പരിശീലനം. മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക അക്കാദമി നല്‍കുന്ന രണ്ടുവര്‍ഷം കോഴ്‌സുകള്‍ പ്രകാരമായിരിക്കും പരിശീലനം. ഇതിന് മാപ്പിള കലാകാരന്മാരായ അധ്യാപകരുടെ സേവനം ലഭ്യമാക്കും. കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക അക്കാദമിയുടെ ഔദ്യോഗിക സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും. സംഗീതോപകരണങ്ങളോടുകൂടിയുള്ള മാപ്പിളപ്പാട്ട് ഗാനാലാപന കോഴ്‌സായിരിക്കും ആദ്യം തുടങ്ങുക. ഫീസ് പിന്നീട് തീരുമാനിക്കും. ആദ്യഘട്ടം എന്ന നിലയില്‍ 50 കുട്ടികളെയാണ് പ്രതീക്ഷിക്കുന്നത്. അപേക്ഷാഫോറം ട്രസ്റ്റ് ഭാരവാഹികളില്‍ നിന്ന് ലഭിക്കും. ബന്ധപ്പെടേണ്ട നമ്പര്‍: 9633444494, 9895636141, 9633321543.
ഇതുമായി ബന്ധപ്പെട്ട് ചേര്‍ന്ന യോഗത്തില്‍ വച്ച് പ്രവാസി വ്യവസായി ഹമീദ് സ്പിക്, സ്‌കൂള്‍ ഓഫ് മാപ്പിള ആര്‍ട്‌സ് ചെയര്‍മാന്‍ ബഷീര്‍ അഹമ്മദ് സിദ്ദീഖിന് അപേക്ഷ ഫോറം നല്‍കി വിതരണോദ്ഘാടനം നിര്‍വഹിച്ചു. കണ്‍വീനര്‍ കെഎം മുഹമ്മദ് അധ്യക്ഷത വഹിച്ചു. അഹമ്മദലി കുമ്പള സ്വാഗതം പറഞ്ഞു. എംപി അബ്ദുല്‍ ഖാദര്‍, എംഎ മൂസ, താജുദ്ദീന്‍ മൊഗ്രാല്‍, കെവി അഷ്‌റഫ്, എംഎസ് അഷ്‌റഫ്, എംഎസ് മുഹമ്മദ് കുഞ്ഞി സംബന്ധിച്ചു.
