കാസര്‍കോട്: മരണപ്പെട്ട ആള്‍ക്കുവേണ്ടി ഖബര്‍ കുഴിയെടുക്കുകയായിരുന്ന ആള്‍ കുഴഞ്ഞുവീണു മരിച്ചു. പെരുമ്പള കരുവക്കോട്ടെ അബ്ദുല്‍ അമീര്‍ (49) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. പെരുമ്പള ജമാഅത്ത് മുന്‍ ട്രഷററും മുന്‍ പ്രവാസി വ്യാപാരിയായ പെരുമ്പള കടവത്തെ മുഹമ്മദ് കുഞ്ഞി ഹാജി തിങ്കളാഴ്ച പുലര്‍ച്ചെ മരണപ്പെട്ടിരുന്നു. ഇദ്ദേഹത്തിന്റെ മൃതദേഹം ഖബറടുക്കുന്നതിനായി പൊതുപ്രവര്‍ത്തകന്‍ കൂടിയായ അബ്ദുല്‍ അമീര്‍ എത്തിയിരുന്നു. ഖബര്‍ കുഴി എടുക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. ഇരുവരുടെയും വിയോഗം നാടിനെ കണ്ണീരിലാഴ്ത്തി.
ഖബര്‍ കുഴിക്കാനടക്കം നാട്ടിലെ ജനോപകാര പ്രവര്‍ത്തനങ്ങളിലും ജീവകാരുണ്യ മേഖലകളിലും സജീവമായ വ്യക്തിത്വത്തിനുടമയായിരുന്നു അമീര്‍. കുഞ്ഞിമാഹിന്‍ കുട്ടിയുടെയും സുലൈഖയുടെയും മകനാണ് അമീര്‍. ഭാര്യ: ഖുബ്‌റ. സഹോദരങ്ങള്‍: ബശീര്‍, ശാഫി, സൈനബ്, മുംതാസ്, സഫിയ, മൈമൂന. ഖബറടക്കം പെരുമ്പള ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
