കൊല്‍ക്കത്ത: പ്രണയാഭ്യര്‍ത്ഥന നിരസിച്ച കാരണത്തിന് ഭര്‍തൃ സഹോദരന്‍ യുവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. പിന്നീട് തലയറുത്ത് മൂന്ന് കഷ്ണങ്ങളായി ചവറ്റുകുട്ടയില്‍ ഉപേക്ഷിച്ചു. കൊല്‍ക്കത്തയിലാണ് നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. ടോളിഗഞ്ച് പ്രദേശത്തെ ചവറ്റുകുട്ടയില്‍ നിന്നാണ് യുവതിയുടെ തല കണ്ടെത്തിയത്. പ്രതി അതിയൂര്‍ റഹ്‌മാന്‍ ലസ്‌കര്‍ എന്ന കെട്ടിടനിര്‍മാണത്തൊഴിലാളിയെ പൊലീസ് പിന്നീട് അറസ്റ്റുചെയ്തു. ലസ്‌കറിന്റെ സഹോദരനാണ് 30 കാരിയായ ഖദീജ ബീബിയുടെ ഭര്‍ത്താവ്.
രണ്ട് വര്‍ഷമായി യുവതിയും ഭര്‍ത്താവും വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു. യുവതിയോട് താല്‍പര്യം തോന്നിയ ലസ്‌കര്‍ പ്രണയാഭ്യര്‍ഥന നടത്തി. എന്നാല്‍ ലസ്‌കറിന്റെ ആവശ്യം യുവതി നിരസിക്കുകയായിരുന്നു. നിരന്തരം ഫോണിലൂടെ അഭ്യര്‍ഥന നടത്തിയതോടെ ഫോണില്‍ ഇയാളെ ബ്ലോക്ക് ചെയ്തു. അത് യുവാവിനെ പ്രകോപിതനാക്കി. പ്രശ്‌നങ്ങള്‍ സംസാരിച്ച് പരിഹരിക്കാമെന്ന വ്യാജേന നിര്‍മാണത്തിലിരുന്ന കെട്ടിടത്തിലേക്ക് വിളിച്ചുവരുത്തി ഇയാള്‍ യുവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലയ്ക്ക് ശേഷം തലയറുത്ത് കഷ്ണങ്ങളാക്കി. പോളിത്തീന്‍ ബാഗില്‍ പൊതിഞ്ഞു ചവറ്റുകുട്ടയിലും മറ്റുള്ളവ വീടിന് സമീപത്തും ഉപേക്ഷിച്ചു. കഴിഞ്ഞ ദിവസമാണ് പോളിത്തീന്‍ ബാഗില്‍ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയില്‍ തല നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുന്നത്. ഉടന്‍ തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ലസ്‌കറിനെ പിടികൂടിയത്.
