വഴി ചോദിക്കാനെന്ന വ്യാജേനയെത്തിയ സംഘം പട്ടാപ്പകല്‍ യുവതിയുടെ രണ്ടുപവന്‍ കവര്‍ന്നു. ബജ്‌പെ എടപ്പടവ് സ്വദേശിനിയായ അനുസൂയ കാജവ എന്ന യുവതിയുടെ മാലയാണ് കവര്‍ന്നത്. എടപ്പടവ് ഗ്രാമപഞ്ചായത്തിന് സമീപം ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. വീട്ടിലേക്ക് റോഡരികിലൂടെ നടന്നു പോവുകയായിരുന്നു യുവതി. ഹെല്‍മറ്റ് ധരിച്ചെത്തിയ രണ്ടുപേര്‍ യുവതിയോട് ഒരു വിലാസം ചോദിച്ചു. പറഞ്ഞുകൊടുക്കുന്നതിനിടെ പിറകിലിരുന്ന ആള്‍ മാല തട്ടിയെടുക്കുകയും ബൈക്ക് വേഗത്തില്‍ ഓടിച്ചുപോവുകയുമായിരുന്നു. സംഭവത്തില്‍ ബജ്പെ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.
