കോഴിക്കോട്: മലബാര്‍ മേഖലയിലെ വ്യായാമ പരിശീലന കൂട്ടായ്മയായ ‘മെക്ക് 7’ന് എതിരെ സുന്നി സംഘടനകളും സിപിഎമ്മും അതിരൂക്ഷ വിമര്‍ശനവുമായി രംഗത്ത്. കൂട്ടായ്മയ്ക്കു പിന്നില്‍ എസ്.ഡി.പി.ഐയും ജമാഅത്തെ ഇസ്ലാമിയുമാണെന്നു സിപിഎം ആരോപിച്ചു. മെക് 7 എന്ന് ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന മള്‍ട്ടി എക്‌സര്‍സൈസ് കോമ്പിനേഷന്‍ വ്യായാമത്തിനെതിരെ ഒരു വിഭാഗം സുന്നി നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. കൂട്ടായ്മയ്ക്കു പിന്നില്‍ ജമാഅത്തെ ഇസ്ലാമിയാണെന്നും സുന്നി വിശ്വാസികള്‍ പെട്ടുപോകരുതെന്നും സുന്നി നേതാക്കള്‍ ആവശ്യപ്പെട്ടു. അതേ സമയം മെക് 7 വ്യായാമ മുറ അഭ്യസിക്കാന്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകനായ ഒരാളാണ് തന്നെ കൊണ്ടു പോയതെന്നു എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡണ്ട് സിപിഎ ലത്തീഫ് പറഞ്ഞു. മെക് 7 വ്യായാമം പി.കെ കുഞ്ഞാലിക്കുട്ടി ചെയ്യുന്നതിന്റെ വീഡിയോ താന്‍ കണ്ടിട്ടുണ്ടെന്നും എസ്ഡിപിഐയ്ക്ക് ഇതുമായി ബന്ധമില്ലെന്നും ലത്തീഫ് പ്രതികരിച്ചു. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നാണ് മെക് 7 അധികൃതര്‍ പറയുന്നത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളില്‍പ്പെട്ടവരും കൂട്ടായ്മയില്‍ ഉണ്ടെന്നു കൂട്ടിച്ചേര്‍ത്തു.
