കണ്ണൂര്‍: തലശ്ശേരിയില്‍ കാര്‍ ഷോറൂമിന്റെ യാര്‍ഡില്‍ സൂക്ഷിച്ചിരുന്ന പുത്തന്‍ കാറുകള്‍ക്ക് തീയിട്ട കേസില്‍ ജീവനക്കാരന്‍ അറസ്റ്റില്‍. ചിറക്കര, പള്ളിത്താഴെ, ഇന്‍ഡസ് ഗ്രൂപ്പിന്റെ നെക്‌സ് ഷോറൂമിലെ ഫീല്‍ഡ് ജീവനക്കാരനായ വയനാട്, മക്കിയാട് തെറ്റിമല സ്വദേശി പണിയോന്‍ സജീര്‍ അഹമ്മദി(26)നെയാണ് തലശ്ശേരി എ.എസ്.പി ഷഹന്‍ഷായുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.
ചൊവ്വാഴ്ച പുലര്‍ച്ചെ 3.40 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. തീപിടിത്തത്തില്‍ മൂന്നു കാറുകളാണ് പൂര്‍ണ്ണമായും കത്തിയത്. മാനേജര്‍ ടി. പ്രവീഷ് നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
തീവെപ്പിനു പിന്നില്‍ ആരാണെന്ന സൂചനകളൊന്നും ലഭിച്ചിരുന്നില്ല. സിസിടിവി ക്യാമറയില്‍ പതിഞ്ഞ ചില ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് ജീവനക്കാരനായ സജീറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് തീവെപ്പിന്റെ ചുരുളഴിഞ്ഞത്. തീവെയ്പിനു ഇടയാക്കിയ കാരണത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ- ‘സ്ഥാപനത്തിലെ ഫീല്‍ഡ് സ്റ്റാഫായ സജീര്‍ പലരില്‍ നിന്നുമായി 32 ലക്ഷം രൂപ വാങ്ങിയിരുന്നു. എന്നാല്‍ ആര്‍ക്കും കാര്‍ കൊടുക്കാന്‍ കഴിഞ്ഞില്ല. പണം നല്‍കിയവര്‍ സ്ഥാപനത്തിലെത്തുമെന്ന് ഉറപ്പായതോടെ തല്‍ക്കാലത്തേക്ക് രക്ഷപ്പെടുന്നതിനാണ് തീവെയ്പ് നടത്താന്‍ സജീര്‍ തീരുമാനിച്ചത്. ഇതിനായി ടൗണില്‍ വാടക മുറിയെടുത്തു. മൂന്നു ദിവസം ഉചിതമായ ദിവസത്തിനായി കാത്തിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ തൊട്ടടുത്തെ പമ്പില്‍ നിന്നു വാങ്ങിയ പെട്രോളുമായി ഷോറൂമിലെത്തി തീയിട്ടു. കാറുകള്‍ കത്തിച്ചാല്‍ ഇടപാടുകാരില്‍ നിന്നു തല്‍ക്കാലത്തേക്ക് പിടിച്ചു നില്‍ക്കാന്‍ കഴിയുമെന്നായിരുന്നു സജീറിന്റെ കണക്കുകൂട്ടല്‍.’
