മുരുഡേശ്വർ ബീച്ചിൽ നാല് സ്കൂൾ വിദ്യാർത്ഥികൾ മുങ്ങിമരിച്ച സംഭവം; 6 അധ്യാപകർ അറസ്റ്റിൽ, മുഖ്യമന്ത്രി സിദ്ധരാമയ്യ അഞ്ച് ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചു

കാർവാർ: ഉത്തര കന്നഡ ജില്ലയിലെ മുരുഡേശ്വരത്ത് വിനോദ യാത്രക്ക് എത്തിയ റസിഡൻഷ്യൽ സ്‌കൂളിലെ നാലു ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികൾ കടലിൽ മുങ്ങിമരിച്ചു.15 വയസ്സ് പ്രായമുള്ള ശ്രവന്തി, ദീക്ഷ, ലാവണ്യ, ലിപിക എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. കോലാർ ജില്ലയിലെ മുളബാഗിലു മൊറാർജി ദേശായി റസിഡൻഷ്യൽ സ്‌കൂളിലെ 46 വിദ്യാർത്ഥികളും ആറ് അധ്യാപകരും അടങ്ങുന്ന സംഘം ചൊവ്വാഴ്ച രാവിലെയാണ് മുരുഡേശ്വരം സന്ദർശിക്കാൻ എത്തിയത്. വൈകുന്നേരം 5.30 ഓടെ അധ്യാപകരും വിദ്യാർത്ഥികളും ബീച്ചിലേക്ക് പോയതായി പൊലീസ് പറഞ്ഞു.ലൈഫ് ഗാർഡുകളുടെ മുന്നറിയിപ്പ് അവഗണിച്ച് ഏഴ് വിദ്യാർത്ഥികൾ കടലിൽ ഇറങ്ങി. അപ്പോൾ കടൽ പ്രക്ഷുബ്ധമായിരുന്നു. അതിനിടെ പെട്ടെന്ന് ഏഴ് പെൺകുട്ടികൾ ഒഴുക്കിൽപ്പെട്ടു. മൂന്ന് വിദ്യാർത്ഥികളെ ലൈഫ് ഗാർഡുകളും മൽസ്യത്തൊഴിലാളികളും നാട്ടുകാരും ചേർന്നു രക്ഷപ്പെടുത്തി. ഇവരെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചതായും ഇപ്പോൾ അപകടനില തരണം ചെയ്തതായും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കാണാതായ മൂന്ന് വിദ്യാർത്ഥികളുടെ മൃതദേഹം ബുധനാഴ്ച രാവിലെയാണ് കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ആറ് അധ്യാപകരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി ഉത്തര കന്നഡ പൊലീസ് സൂപ്രണ്ട് നാരായണ പറഞ്ഞു. അധ്യാപകരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ നാട്ടിലേക്ക് അയക്കാനുള്ള നടപടികൾ പൂർത്തിയായതായി പൊലീസ് അറിയിച്ചു. കുട്ടികളുടെ മരണത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ അനുശോചനം രേഖപ്പെടുത്തി. കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം അദ്ദേഹം പ്രഖ്യാപിച്ചു. മൃതദേഹങ്ങൾ അവരുടെ നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യാൻ അദ്ദേഹം നിർദ്ദേശിച്ചു.യാത്രകളിൽ അധ്യാപകർ കൂടുതൽ ജാഗ്രത പുലർത്തേണ്ടതിൻ്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. “അപകടകരമായ സ്ഥലങ്ങൾ സന്ദർശിക്കുമ്പോൾ കുട്ടികളെ നിരീക്ഷിക്കണം. കുട്ടികളെ നഷ്ടപ്പെട്ട മാതാപിതാക്കളുടെ വേദന ഞാൻ മനസ്സിലാക്കുന്നു. ഇത്തരം സംഭവങ്ങൾ ഇനി ഉണ്ടാകരുത് എന്ന് ഞാൻ പ്രാർത്ഥിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page