ബംഗളൂരു: ഭാര്യ വീട്ടുകാരുടെ മാനസിക പീഡനം സഹിക്കാനാവാതെ ബംഗളൂരുവിൽ ഐ ടി ജീവനക്കാരൻ ആത്മഹത്യ ചെയ്തു. യുപി സ്വദേശി അതുൽ സുഭാഷ് എന്ന 34 കാരനാണ് ജീവനൊടുക്കിയത്. 24 പേജുള്ള കത്തെഴുതി വെച്ചായിരുന്നു യുവാവിന്‍റെ ആത്മഹത്യ. വ്യാജ സ്ത്രീധന പീഡന ആരോപണം ഉന്നയിച്ച് മൂന്ന് കോടി രൂപ ഭാര്യയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു. ഭാര്യ പിതാവിന്റെ മരണത്തിന് കാരണം അതുലാണെന്ന് പൊലീസിൽ പരാതിയും നൽകിയിരുന്നു. ഇത് വ്യാജ പരാതിയാണെന്ന് പിന്നീട് കണ്ടെത്തിയിരുന്നതായി പറയുന്നു. സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്റ്റ് ചെയ്ത ശേഷമാണ് ഇയാൾ ജീവനൊടുക്കിയത്. 2019ൽ മാട്രിമോണിയൽ സൈറ്റിലൂടെയാണ് അതുൽ പങ്കാളിയെ കണ്ടെത്തിയത്. വിവാഹം കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞപ്പോൾ ദമ്പതികൾക്ക് കുഞ്ഞ് ജനിച്ചു. പലപ്പോഴായി ഭാര്യ വീട്ടുകാർ പണം ആവശ്യപ്പെടാറുണ്ടെന്നു പറയുന്നു. പണം കൊടുക്കാതെ വന്നപ്പോൾ ഭാര്യ പിണങ്ങി കുട്ടിയുമായി അവരുടെ വീട്ടിലേക്ക് പോയി. പിന്നീട് പ്രകൃതിവിരുദ്ധ പീഡനം ഉൾപ്പെടെയുള്ള കള്ളക്കേസുകൾ തനിക്കെതിരെ ഇവർ രജിസ്റ്റർ ചെയ്തതായി അതുൽ പറയുന്നു. കേസ് ഒത്തുതീർപ്പാക്കാൻ ഭാര്യയും കുടുംബവും ആദ്യം ആവശ്യപ്പെട്ടത് ഒരു കോടി രൂപയായിരുന്നുവെന്നും എന്നാൽ പിന്നീട് ഇത് മൂന്നു കോടി രൂപയാക്കി ഉയർത്തി. പിണങ്ങിപ്പോയതിന് ശേഷം കുട്ടിയെ കാണാൻ അനുവദിച്ചില്ലെന്നും അതുൽ ആരോപിക്കുന്നു.അതുലിന്റെ കുടുംബത്തിൻ്റെ പരാതിയിൽ ഭാര്യക്കെതിരെ ബംഗളൂരു പൊലീസ് കേസെടുത്തു.
