കൊച്ചി: നടിയെ ആക്രമിച്ച കേസ് അവസാനഘട്ടത്തിലെത്തി നില്‍ക്കെ രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത. മെമ്മറി കാര്‍ഡ് തുറന്നതില്‍ ഉത്തരവാദികള്‍ക്കെതിരെ നടപടിയില്ലെന്നാണ് പരാതി.
കോടതിയുടെ കസ്റ്റഡിയില്‍ ഇരിക്കെ മൂന്ന് തവണ ഈ മെമ്മറി കാര്‍ഡ് തുറന്ന് പരിശോധിച്ചുവെന്ന് ശാസ്ത്രീയ പരിശോധനയില്‍ ഉള്‍പ്പെടെ തെളിഞ്ഞിരുന്നു. ചട്ട വിരുദ്ധമായി മെമ്മറി കാര്‍ഡ് തുറന്ന് പരിശോധിച്ചെന്ന് വ്യക്തമായിട്ടും നടപടിയുണ്ടായില്ല. ഈ മെമ്മറി കാര്‍ഡ് പുറത്തുപോയാല്‍ അത് തുടര്‍ന്നുള്ള തന്റെ ജീവിതത്തെ തന്നെ ബാധിക്കുമെന്നും അതുകൊണ്ട് ഇക്കാര്യത്തില്‍ കാര്യക്ഷമമായ അന്വേഷണത്തിനും നടപടിക്കു രാഷ്ടപതിയുടെ ഇടപെടല്‍ വേണമെന്നും കത്തില്‍ പറയുന്നു.
ഹൈക്കോടതിക്കും സുപ്രീംകോടതിക്കും പരാതി നല്‍കിയിട്ടും നടപടിയില്ല. ജുഡീഷ്യറിയുടെ ഭരണതലത്തിലാണ് നടപടിയെടുക്കേണ്ടത്. അതുണ്ടാകാത്ത സാഹചര്യത്തിലാണ് രാഷ്ട്രപതിക്ക് കത്ത് നല്‍കുന്നതെന്ന് അതിജീവിത പറഞ്ഞു.
