ബംഗ്‌ളൂരു: പ്രണയബന്ധത്തില്‍ നിന്നു പിന്മാറിയ വിരോധത്തില്‍ ഭര്‍തൃമതിയെ വീട്ടില്‍ കയറി കുത്തിക്കൊന്നു. എന്നിട്ടും അരിശം തീരാത്ത പ്രതി മൃതദേഹം അഞ്ഞൂറു മീറ്ററോളം ദൂരം വലിച്ചിഴച്ച് കൊണ്ടു പോയി കുളത്തില്‍ തള്ളി. സംഭവത്തില്‍ ബംഗ്‌ളൂരുവിലെ ഗ്യാസ് കമ്പനിയിലെ ജീവനക്കാരന്‍ ചിരഞ്ജീവി (28)യെ പൊലീസ് അറസ്റ്റു ചെയ്തു. ചിക്മംഗ്‌ളൂരു, കിച്ചബ്ബി സ്വദേശിയായ രാജേഷിന്റെ ഭാര്യയും രണ്ടു മക്കളുടെ മാതാവുമായ തൃപ്തി (26)യാണ് അതിദാരുണമായി കൊല ചെയ്യപ്പെട്ടത്.
തൃപ്തി ഇന്‍സ്റ്റഗ്രാമിലൂടെയാണ് ചിരഞ്ജീവിയെ പരിചയപ്പെട്ടത്. പിന്നീട് പ്രണയത്തിലായി. ഏതാനും മാസങ്ങള്‍ക്കു മുമ്പ് തൃപ്തി ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് ചിരഞ്ജീവിയുടെ കൂടെ ഒളിച്ചോടിയിരുന്നു. ഇതു സംബന്ധിച്ച് ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കുകയും കണ്ടെത്തുകയും ചെയ്തു. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഭര്‍ത്താവിനൊപ്പം പോകുന്നുവെന്നാണ് തൃപ്തി പറഞ്ഞത്. ഭര്‍ത്താവിനൊപ്പം പോയ യുവതി അതിനു ശേഷം കാമുകന്റെ ഫോണ്‍ എടുക്കുകയോ മറ്റു രീതിയില്‍ പ്രതികരിക്കുകയോ ചെയ്തില്ല. ഈ വിരോധത്തിലാണ് ചിരഞ്ജീവി കഴിഞ്ഞ ദിവസം തൃപ്തിയുടെ വീട്ടിലെത്തി കൊല നടത്തിയതെന്നു പൊലീസ് പറഞ്ഞു.
