തിരു: സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി 4 മുതല്‍ 8 വരെ തിരുവനന്തപുരം ജില്ലയിലെ വിവിധ വേദികളില്‍ നടത്തുന്നതിനുള്ള തയ്യാറെടുപ്പുകള്‍ ഊര്‍ജ്ജിതമാക്കിയതായി മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. കലോത്സവത്തില്‍ ആദ്യമായി ഗോത്ര നൃത്ത വിഭാഗങ്ങള്‍ കൂടി ഉള്‍പ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. മംഗലം കളി, ഇരുളനൃത്തം, പണിയ നൃത്തം, മലപുലയആട്ടം, പളനി നൃത്തം എന്നിവയാണ് പുതുതായി ഉള്‍പ്പെടുത്തുന്ന നൃത്തകലകള്‍. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 101 വും ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ 110 വും സംസ്‌കൃതോത്സവത്തില്‍ 19 വും അറബികലോത്സവത്തില്‍ 19 വും ഇനങ്ങളിലായി ആകെ 249 ഇനങ്ങളിലാണ് മത്സരം. കലോത്സവത്തിന്റെ വിജയത്തിന് വിപുലമായ സംഘാടക സമിതിയും 19 സബ് കമ്മിറ്റികളും പ്രവര്‍ത്തിക്കുന്നു. കലോത്സവത്തിന് നഗരപരിധിയിലുള്ള 25 വേദികള്‍ തിരഞ്ഞെടുത്തു. ഭക്ഷണ വിതരണം സംഘാടക സമിതി ഓഫീസില്‍ രജിസ്ട്രേഷന്‍ എന്നിവയ്ക്കും പ്രത്യേക വേദികള്‍ തിരഞ്ഞെടുത്തു. പ്രധാന വേദി സെന്‍ട്രല്‍ സ്റ്റേഡിയമാണ്. വിധികര്‍ത്താക്കള്‍ക്കും ഒഫീഷ്യല്‍സിനും താമസിക്കാന്‍ നഗരപരിധിയിലെ വിവിധ ഹോട്ടലുകളില്‍ റൂമുകള്‍ ബുക്കു ചെയ്തു. കുട്ടികളുടെ താമസത്തിന് നഗരപരിധിയിലെ 25 സ്‌കൂളുകള്‍ തിരഞ്ഞെടുത്തു കഴിഞ്ഞു. കനകക്കുന്ന് മുതല്‍ കിഴക്കേക്കോട്ട വരെ നഗരവീഥികളില്‍ ദീപാലങ്കാരം ഒരുക്കും-മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
