കോഴിക്കോട്: കൊടുംവളവുകൾനിറഞ്ഞ താമരശ്ശേരി ചുരത്തിലൂടെ മൊബൈൽ ഫോണിൽ സംസാരിച്ച്, ബസ് ഓടിച്ച് കെ.എസ്.ആർ.ടി.സി. ഡ്രൈവറുടെ സാഹസികയാത്ര. അഞ്ചു കിലോമീറ്ററോളം ഭയന്ന് വിറച്ച് യാത്രക്കാരും. കോഴിക്കോട് ഡിപ്പോയിലെ ഡ്രൈവറും കോഴിക്കോട് സ്വദേശിയുമായ റാഫിഖ് ആണ് ഒട്ടേറെ യാത്രക്കാരുണ്ടായിരുന്ന ബസ് ഓടിക്കുന്നതിനിടെ ഫോണിൽ പത്തു മിനുട്ടോളം സംസാരിച്ചത്. സംഭവം കണ്ട യാത്രക്കാരിൽ ഒരാൾ ഡ്രൈവർ ഫോൺ ഉയോഗിക്കുന്ന ദൃശ്യം മൊബൈലിൽ പകർത്തി സാമൂഹികമാധ്യമങ്ങളിൽ പങ്കുവച്ചു. ഇതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ശനിയാഴ്ച വൈകീട്ട് 4.50-ന് കല്പറ്റയിൽനിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് ഓടിച്ച ഡ്രൈവറാണ് സാഹസീക യാത്ര നടത്തിയത്. അതിനിടെ രണ്ട് തവണ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടുവെന്ന് യാത്രക്കാർ പറയുന്നു. ഒടുവിൽ യാത്രക്കാർ ബഹളം വച്ചപ്പോഴാണ് ഫോൺ വിളി അവസാനിപ്പിച്ചത്. സംഭവത്തിൽ കെ.എസ്.ആർ.ടി.സി.യും മോട്ടോർവാഹനവകുപ്പും അന്വേഷണം നടത്തിവരുകയാണെന്ന് അധികൃതർ പറഞ്ഞു. ഡ്രൈവറോട് അവധിയിൽ പോകാൻ കോഴിക്കോട് ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ നിർദ്ദേശിച്ചു. തിങ്കളാഴ്ച രാവിലെ ലൈസൻസുമായി താമരശ്ശേരി ഓഫീസിൽ ഹാജരാകാൻ റാഫിഖിന് കൊടുവള്ളി ആർ.ടി.ഒ. നിർദേശം നൽകിയിട്ടുണ്ടെന്നും ഡി.ടി.ഒ. പറഞ്ഞു. എന്നാൽ, ഡ്രൈവർക്കെതിരേ ആരും രേഖാമൂലം പരാതി നൽകിയിട്ടില്ലെന്ന് താമരശ്ശേരി ഇൻസ്പെക്ടർ ടി.കെ. ഷിജു പറഞ്ഞു.
