മംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ മംഗളൂരു എൻ. എച്ച്. 66ൽ തിങ്കളാഴ്ച വൈകിട്ടു ടാങ്കർ ലോറിയിൽ ചോർച്ച അനുഭവപ്പെട്ടു. ഉച്ചില കോട്ടേക്കാറിലാണ് ടാങ്കറിൻ്റെ ചോർച്ച ശ്രദ്ധയിൽപ്പെട്ടത്. കാർവാറിൽ നിന്നു കൊച്ചിയിലേക്കു ഹൈഡ്രോ ക്ലോറിക്ക് ആസിഡ് കൊണ്ടു പോവുകയായിരുന്ന ടാങ്കറിനാണ് ചോർച്ച അനുഭവപ്പെട്ടത്. വിവരമറിഞ്ഞുടനെ ഡ്രൈവർ ടാങ്കർ ലോറി റോഡ് സൈഡിൽ നിറുത്തി. ഉള്ളാളിൽ നിന്നും മംഗളൂരിൽ നിന്നും വൻ പൊലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. മംഗളൂരു എം.ആർ.പി.എൽ ടീമും ഫയർഫോഴ്സും മുൻകരുതൽ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ടാങ്കർ ചോർച്ചയെത്തുടർന്നു പരിസരവാസികൾക്കു ശ്വാസതടസമനുഭവപ്പെട്ടിട്ടുണ്ടെന്ന് ഔദ്യോഗിക സംഘം സൂചിപ്പിച്ചു. അപകടം ഒഴിവാക്കുന്നതിനു അധികൃത സംഘം നടപടികൾ തുടരുകയാണ്.
