കണ്ണൂര്‍: മാടായി കോളേജില്‍ എംകെ രാഘവന്‍ എംപി കോഴ വാങ്ങി നിയമനം നടത്താന്‍ ശ്രമിച്ചെന്ന കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളുടെ ആരോപണത്തിന് പിന്നാലെ കണ്ണൂര്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. എംപിയെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരസ്യമായി തടഞ്ഞ സംഭവത്തില്‍ സ്വീകരിച്ച അച്ചടക്ക നടപടിയെ തുടര്‍ന്നാണ് പുതിയ സംഭവ വികാസം. നേതൃ നടപടിയില്‍ പ്രതിക്ഷേധിച്ച് കല്യാശ്ശേരി-പയ്യന്നൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഒന്നടങ്കം രാജിവെക്കാനാണ് ഇപ്പോഴത്തെ തീരുമാനം. ഡിസിസി ജനറല്‍ സെക്രട്ടറി രജിത്ത് നാറാത്ത് അടക്കം നേതൃത്വത്തെ രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്.
കോണ്‍ഗ്രസ് ഭരിക്കുന്ന മാടായി കോളേജില്‍ കോഴ വാങ്ങി സിപിഎം ബന്ധമുള്ള അധ്യാപകനെ നിയമിക്കാന്‍ ശ്രമം നടത്തിയെന്ന് ആരോപിച്ചായിരുന്നു എംകെ രാഘവനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. പ്രതിഷേധത്തിന്റെ ഭാഗമായി കഴിഞ്ഞദിവസം എം കെ രാഘവനെ വഴിയില്‍ തടഞ്ഞിരുന്നു. പൊലീസ് എത്തിയായിരുന്നു പ്രവര്‍ത്തകരെ പിന്തിരിപ്പിച്ചത്. കല്ല്യാശ്ശേരി, പയ്യന്നൂര്‍ നിയോജക മണ്ഡലങ്ങളിലെ പ്രവര്‍ത്തകരുടെ ശക്തമായ പ്രതിഷേധത്തെ അവഗണിച്ചു കൊണ്ടാണ് കോളേജില്‍ സിപിഐഎം ബന്ധമുള്ള അധ്യാപകനെ നിയമിക്കാന്‍ എംപി നീക്കം നടത്തുന്നതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു. എംപിയെ തടഞ്ഞതിനെ തുടര്‍ന്ന് നാല് പ്രാദേശിക നേതാക്കളെ പാര്‍ട്ടിയില്‍ നിന്നും ജില്ലാ നേതൃത്വം സസ്‌പെന്‍ഡ് ചെയ്തിരുന്നു. സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ ഡിസിസി സെക്രട്ടറി രജിത്ത് നാറാത്ത് പങ്കെടുത്ത യോഗത്തില്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്ന തീരുമാനം നടപ്പിലാവാതെ വന്നതോടെയാണ് പ്രവര്‍ത്തകര്‍ കൂട്ടരാജിക്കൊരുങ്ങിയത്. കാപ്പടാന്‍ ശശീധരന്‍, വരുണ്‍ കൃഷ്ണന്‍, കെ വി സതീഷ് കുമാര്‍, കെപി ശശി എന്നിവര്‍ക്കെതിരെയായിരുന്നു സസ്‌പെന്‍ഷന്‍ നടപടി വന്നത്. ഇവരെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായാണ് കണ്ണൂര്‍ ഡിസിസി അറിയിച്ചത്. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ നേതൃത്വം തയ്യാറായിരുന്നു. എന്നാല്‍ തീരുമാനം നടപ്പാക്കാന്‍ വൈകിയതോടെയാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കളടക്കം രാജി സന്നദ്ധത അറിയിച്ചത്.
