കൊച്ചി: ട്രെയിന്‍ യാത്രക്കിടയില്‍ ലൈംഗികാതിക്രമം നടത്തിയെന്ന കേസിലെ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥന്‍ ഒളിവില്‍ പോയി. അഗളി പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ ആയ അബ്ദുല്‍ ഹക്കീമാണ് ഒളിവില്‍ പോയതെന്നു റെയില്‍വെ പൊലീസ് അറിയിച്ചു.
കരുനാഗപ്പള്ളി സ്വദേശിനിയായ യുവതിയാണ് പൊലീസ് ഉദ്യോഗസ്ഥന്റെ ലൈംഗികാതിക്രമത്തിനു ഇരയായത്. പാലരുവി എക്‌സ്പ്രസില്‍ വച്ചാണ് പൊലീസ് ഉദ്യോഗസ്ഥന്‍ യുവതിയെ കടന്നു പിടിച്ചത്. യുവതി ബഹളം വച്ചതോടെ സഹയാത്രക്കാര്‍ ഇടപെട്ടിരുന്നു. താന്‍ പൊലീസ് ഓഫീസറാണെന്നു പറഞ്ഞ് ഹക്കിം കമ്പാര്‍ട്ട്‌മെന്റില്‍ നിന്നു കടന്നുകളയുകയായിരുന്നു. ഇതിനിടയില്‍ യാത്രക്കാര്‍ അബ്ദുല്‍ ഹക്കീമിന്റെ ചിത്രം പകര്‍ത്തിയിരുന്നു. ട്രെയിന്‍ എറണാകുളം ജംഗ്ഷനില്‍ എത്തിയപ്പോഴാണ് യുവതി റെയില്‍വെ പൊലീസില്‍ പരാതി നല്‍കിയത്. അതിക്രമം കാണിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ ഫോട്ടോയും തെളിവിനായി കൈമാറിയിരുന്നു. ഇതോടെയാണ് അതിക്രമം നടത്തിയത് അബ്ദുല്‍ ഹക്കിം ആണെന്നു വ്യക്തമായത്. സംഭവത്തില്‍ കേസെടുത്തതോടെ അബ്ദുല്‍ ഹക്കിം ഒളിവില്‍ പോവുകയായിരുന്നു. ഇയാളെ കണ്ടെത്താനുള്ള ശ്രമം തുടരുന്നതായി പൊലീസ് കൂട്ടിച്ചേര്‍ത്തു.
