ചെന്നൈ: പ്രമുഖ ഛായാഗ്രാഹകൻ സന്തോഷ് ശിവന്റെ വാട്സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്തു. വാട്സാപ് അക്കൗണ്ടുകൾ ഹാക്ക് ചെയ്ത്, നിയന്ത്രണം ഏറ്റെടുത്ത് തട്ടിപ്പു നടത്തുന്ന സംഘത്തിന്റെ കെണിയിൽ നിന്നു രക്ഷപ്പെട്ടതായി സന്തോഷ് ശിവനും ‘ബാഹുബലി’യുടെ നിർമാതാവ് ഷോബു യാർലഗദ്ദയും അറിയിച്ചു. ഇരുവരും നൽകിയ പരാതിയിൽ തമിഴ്നാട് പൊലീസ് സൈബർ ക്രൈം വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഷോബു യാർലഗദ്ദയുടെ വാട്സാപ് ഹാക്ക് ചെയ്ത സംഘം പണം ആവശ്യപ്പെട്ടു സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും സന്ദേശം അയക്കുകയായിരുന്നു. വാട്സാപ് ഹാക്ക് ചെയ്യപ്പെട്ടതായി യാർലഗദ്ദ സമൂഹമാധ്യമങ്ങൾ വഴി മുന്നറിയിപ്പു നൽകി. സന്തോഷ് ശിവന്റെ വാട്സാപ് അക്കൗണ്ടിൽ നുഴഞ്ഞു കയറിയ സംഘം അസിസ്റ്റന്റ് ഡയറക്ടർമാരുടെ വ്യാജ അക്കൗണ്ട് സൃഷ്ടിച്ച് തട്ടിപ്പുനടത്താൻ ശ്രമിക്കുകയായിരുന്നു. ഇതിനൊപ്പം സ്വകാര്യ വിവരങ്ങൾ തട്ടിയെടുക്കാനും ശ്രമിച്ചു. സന്തോഷ് ശിവൻ ആണെന്ന പേരിൽ സന്ദേശങ്ങൾ അയച്ച് തമിഴ്, മലയാളം സിനിമ പ്രവർത്തകരെ തട്ടിപ്പിനിരയാക്കാൻ ശ്രമിച്ചതായും കണ്ടെത്തി. ഡിസംബര്‍ ആറിനാണ് സന്തോഷ് ശിവന്‍ തന്റെ വാട്‌സ്ആപ്പ് ഹാക്ക് ചെയ്യപ്പെട്ടെന്ന് വ്യക്തമാക്കിക്കൊണ്ട് സോഷ്യല്‍ മീഡിയയില്‍ ഒരു പോസ്റ്റ് പങ്കുവെക്കുന്നത്. തന്റെ നമ്പറില്‍ നിന്ന് ഒരു മെസേജ് വന്നാല്‍ മറുപടി നല്‍കരുതെന്നും അത് തട്ടിപ്പാണെന്നുമാണ് സന്തോഷ് ശിവന്‍ കുറിച്ചത്. കൂടാതെ ഓഗസ്റ്റില്‍ എന്‍സിപി എംപി സുപ്രിയ സൂളിന്റെ വാട്‌സ്ആപ്പും ഹാക്ക് ചെയ്യപ്പെട്ടിരുന്നു. ഇത്തരത്തില്‍ നിരവധി പ്രമുഖരുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ എത്രപേര്‍ വാട്‌സ്ആപ്പ് ഹാക്കിങ്ങിന് ഇരയായി എന്നതില്‍ കൃത്യമായ കണക്കുകള്‍ പുറത്തുവന്നിട്ടില്ല.
