കോഴിക്കോട്: സി പി എം ബന്ധം വിട്ടു കേരള ഡി എം കെ പാര്‍ട്ടി ഉണ്ടാക്കിയ പി വി അന്‍വര്‍ എം എല്‍ എ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക്. ഇതിനുള്ള ചര്‍ച്ചകള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്ന് അന്‍വര്‍ വെളിപ്പെടുത്തി.
ബഹുജന്‍സമാജ് വാദിപാര്‍ട്ടിയില്‍ ചേരാന്‍ നീക്കമുണ്ടായിരുന്നെങ്കിലും മായാവതിയുടെ നേതൃത്വത്തിലുള്ള ആ പാര്‍ട്ടി ഇപ്പോള്‍ ദുര്‍ബ്ബലമാണെന്നു തിരിച്ചറിഞ്ഞാണ് അതിനുള്ള നീക്കം അവസാനിപ്പിച്ചത്. സി പി എം സഹകരണം അവസാനിപ്പിച്ചുടനെ തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ ഡി എം കെ യുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാന്‍ അന്‍വര്‍ നീക്കം നടത്തിയിരുന്നു. എന്നാല്‍ സി പി എം ബന്ധം വെല്ലുവിളിച്ച് അതില്‍ നിന്നിറങ്ങിയ അന്‍വറെ ഉള്‍ക്കൊള്ളാന്‍ തമിഴ്‌നാട്ടില്‍ സി പി എമ്മുമായി സഹകരിക്കുന്ന ഡി എം കെ വിസമ്മതിക്കുകയായിരുന്നു.
അതിനിടെ കോണ്‍ഗ്രസില്‍ ചേരാന്‍ താന്‍ ചര്‍ച്ച നടത്തിയിരുന്നുവെന്ന പ്രചരണം അദ്ദേഹം നിഷേധിച്ചു. ലീഗ് വഴി വലതു മുന്നണിയുടെ ഭാഗമാകാന്‍ താന്‍ ശ്രമിച്ചിരുന്നതായി നടന്ന പ്രചരണവും അന്‍വര്‍ തള്ളിക്കളഞ്ഞു.
