റിയാദ്: സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചന ഉത്തരവ് അനിശ്ചിതത്വത്തില്‍. മോചനവുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായെങ്കിലും മോചന ഉത്തരവ് പ്രഖ്യാപിച്ചില്ല. പബ്ലിക് പ്രോസ്‌ക്യൂഷന്റെ വാദങ്ങള്‍ ഖണ്ഡിച്ച് സമര്‍പ്പിച്ച വിശദാംശങ്ങള്‍ കോടതി ഫയലില്‍ സ്വീകരിക്കുകയും വിധിപറയാന്‍ കേസ് മാറ്റുകയും ചെയ്യുകയായിരുന്നു ഇന്ന്. പബ്ലിക് പ്രോസ്‌ക്യൂഷന്റെ വാദങ്ങള്‍ ഖണ്ഡിച്ച് സമര്‍പ്പിച്ച വിശദാംശങ്ങള്‍ കോടതി ഫയലില്‍ സ്വീകരിക്കുകയും വിധിപറയാന്‍ കേസ് മാറ്റുകയും ചെയ്തു. അടുത്ത സിറ്റിങ് തിയ്യതി ഉടന്‍ ലഭിക്കുമെന്നും റിയാദ് സഹായ സമിതി അറിയിച്ചു. സൗദി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ കഴിഞ്ഞ് 18 വര്‍ഷങ്ങളായി ജയിലില്‍ കഴിയുകയാണ് റഹീം.
പബ്ലിക് റൈറ്റ്‌സ് നടപടിക്രമങ്ങള്‍ അവസാനിച്ചുള്ള അന്തിമ വിധിയും ഒപ്പം മോചന ഉത്തരവും നല്‍കുമെന്നാണ് അബ്ദുള്‍ റഹീമിന്റെ കുടുംബത്തിന്റെ വിശ്വാസം. കഴിഞ്ഞ നവംബര്‍ 17ന് മോചനമുണ്ടായേക്കുമെന്നാണ് കരുതിയിരുന്നത്. പക്ഷെ അപ്രതീക്ഷിതമായി കോടതി കേസ് നീട്ടിവെക്കുകയായിരുന്നു. ഇതിനിടയിലാണ് ഉത്തരവ് വീണ്ടും നീട്ടിയത്. പബ്ലിക് റൈറ്റ്‌സ് നടപടിക്രമങ്ങളുടെ ഭാഗമായ അന്തിമ ഉത്തരവ് മോചനത്തില്‍ റഹീമിന് നിര്‍ണായകമാണ്. അടുത്ത തവണ കോടതി കേസ് പരിഗണിക്കുമ്പോള്‍ ശുഭവാര്‍ത്തയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദിയാധനമായ 36 കോടിയോളം രൂപ മരിച്ച സൗദി ബാലന്റെ കുടുംബത്തിന് കൈമാറിയതോടെയാണ് വധശിക്ഷ റദ്ദാക്കിയത്.