തിരുവനന്തപുരം: മൂന്നു മാസം മുമ്പ് വിവാഹിതയായ യുവതിയുടെ മരണം കൊലപാതകമാണെന്നു ബന്ധുക്കള്‍. ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുന്നു. തിരുവനന്തപുരം, കൊളച്ചല്‍, കൊന്നമൂട് സ്വദേശിനിയായ ഇന്ദുജ (25)യെ വെള്ളിയാഴ്ചയാണ് പാലോട്, ഇളവട്ടത്തെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയലെ ജനലില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഭര്‍ത്താവ് അഭിജിത്ത് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ എത്തിയപ്പോഴാണ് ഇന്ദുജയെ തൂങ്ങിയ നിലയില്‍ കണ്ടതെന്നും പറയുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഇന്ദുജയുടെ മരണം ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും കാണിച്ച് പിതാവ് പൊലീസില്‍ പരാതി നല്‍കി. കൊലപാതകമാണെന്ന ആരോപണം സഹോദരനും ഉന്നയിച്ചിട്ടുണ്ട്.
അഭിജിത്തും ഇന്ദുജയും രണ്ടു വര്‍ഷക്കാലം പ്രണയത്തിലായിരുന്നു. മൂന്നു മാസം മുമ്പ് അഭിജിത്ത് ഇന്ദുജയെ വീട്ടില്‍ നിന്നു ഇറക്കിക്കൊണ്ടു പോവുകയും ക്ഷേത്രത്തില്‍ വച്ച് വിവാഹം നടത്തുകയുമായിരുന്നു. കല്യാണത്തിനു ശേഷം മകള്‍ക്ക് ഭര്‍തൃവീട്ടില്‍ ശാരീരിക-മാനസിക പീഡനം നേരിടേണ്ടി വന്നിരുന്നതായി പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നു. സ്വകാര്യ ലാബിലെ ജീവനക്കാരിയാണ് ഇന്ദുജ. അഭിജിത്ത് സ്വകാര്യ വാഹനകമ്പനിയിലെ ജീവനക്കാരനാണ്.
