കണ്ണൂര്‍: മയക്കുമരുന്നു റാക്കറ്റിന്റെ ചതിക്കുഴിയില്‍ വീണ യുവാവ് ദുബായ് ജയിലില്‍. തളിപ്പറമ്പ് സയ്യിദ് നഗറിലെ മുനവ്വറാണ് ജയിലിലായത്. നേരത്തെ തളിപ്പറമ്പ്, ഏഴാം മൈലിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം. ഇതിനിടയില്‍ നേരത്തെ എറണാകുളത്ത് പഠിക്കാന്‍ പോയ സമയത്ത് പരിചയപ്പെട്ട ഒരു സംഘം ദുബായിയില്‍ ജോലി വാഗ്ദാനം ചെയ്തു. 2000 റിയാല്‍ ശമ്പളമുള്ള ജോലിയാണ് വാഗ്ദാനം ചെയ്തത്. ഒരാഴ്ച ജോലി ചെയ്തു നോക്കു. ഇല്ലെങ്കില്‍ തിരികെ വന്നോളു എന്നു പറഞ്ഞ് വിശ്വസിപ്പിച്ച് സന്ദര്‍ശക വിസയാണ് നല്‍കിയത്.
കഴിഞ്ഞ ആഴ്ച കരിപ്പൂര്‍ വിമാനത്താവളം വഴിയായിരുന്നു യാത്ര. യാത്ര തിരിക്കും മുമ്പ് ഗള്‍ഫിലെ ബിസിനസ് സംരംഭത്തിലേക്കാണെന്നു പറഞ്ഞ് ഒരു കവറും ഏല്‍പ്പിച്ചു. മുനവ്വര്‍ യാത്ര ചെയ്ത വിമാനത്തില്‍ മയക്കുമരുന്നു റാക്കറ്റ് തന്നെ വിസ ശരിയാക്കി കൊടുത്ത മറ്റു നാലു പേര്‍ കൂടി യാത്ര ചെയ്തിരുന്നു. ഷാര്‍ജ വിമാനത്താവളത്തിലെ പരിശോധനയില്‍ കവറിനകത്തുണ്ടായിരുന്നത് മാരക മയക്കുമരുന്നായ എം.ഡി.എം.എ ആണെന്നു സി.ഐ.ഡി പരിശോധനയില്‍ കണ്ടെത്തി. റാക്കറ്റിലെ മുഴുവന്‍ കണ്ണികളെയും ഒന്നിച്ചു പിടികൂടാന്‍ ലക്ഷ്യമിട്ട സി.ഐ.ഡി ഷാര്‍ജ വിമാനത്താവളത്തില്‍ വച്ച് മുനവ്വറിനെ അറസ്റ്റു ചെയ്തില്ല. ഷാര്‍ജയില്‍ വിമാനമിറങ്ങിയ മുനവ്വര്‍ ദുബായ് ദേരാപാര്‍ക്കിലെ ഒരു ഹോട്ടലിലാണ് മുറിയെടുത്തത്. ഇതേ ഹോട്ടലില്‍ തന്നെ സിഐഡി സംഘവും മുറിയെടുത്തു. തൊട്ടുപിന്നാലെ മയക്കുമരുന്നു റാക്കറ്റിലെ സംഘം ഹോട്ടലിലെത്തി മുനവ്വറില്‍ നിന്നു കവര്‍ വാങ്ങുന്നതിനിടയില്‍ കയ്യോടെ പിടികൂടുകയായിരുന്നു.
മുനവ്വര്‍ ദുബായിയില്‍ പിടിയിലായ കാര്യം വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. യുവാവിനെ കുറിച്ചുള്ള വിവരങ്ങളൊന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് ജയിലില്‍ ആണെന്ന കാര്യം ബന്ധുക്കള്‍ അറിഞ്ഞത്. ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തില്‍ മയക്കുമരുന്നു റാക്കറ്റില്‍ ഉള്‍പ്പെട്ട അള്ളംകുളം സ്വദേശിയായ ഒരാളെ പിടികൂടി ചോദ്യം ചെയ്തപ്പോള്‍ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞത്. നാലു കിലോയോളം വരുന്ന എം.ഡി.എം.എയാണ് മുനവ്വറിന്റെ കൈയില്‍ കൊടുത്തതെന്നു വ്യക്തമായിട്ടുണ്ട്. ഇക്കാര്യങ്ങളൊക്കെ ചൂണ്ടിക്കാട്ടി പരാതി നല്‍കാനുള്ള തയ്യാറെടുപ്പിലാണ് ബന്ധുക്കള്‍ ഇപ്പോള്‍.
