പെണ്‍ മനോഭാവം ഇങ്ങനെയാണ് | Kookkanam Rahman

പെണ്‍ മനസ്സുകള്‍ ശക്തിയാര്‍ജ്ജിച്ചു കഴിഞ്ഞു. പെണ്‍ ബുദ്ധി പിന്‍ബുദ്ധി എന്ന് പറഞ്ഞ് ആക്ഷേപിക്കാന്‍ ഇനിയാവില്ല. എല്ലാം പുരുഷാധിപത്യമയം എന്ന് പറഞ്ഞ് വിലപിക്കാന്‍ ഞങ്ങളെ കിട്ടില്ല. ഗര്‍ഭസ്ഥ ശിശു പെണ്ണാണെന്നറിഞ്ഞാല്‍ ഭ്രൂണഹത്യ നടത്തി നിങ്ങള്‍ ഞെളിഞ്ഞു നടന്നില്ലേ? ഇപ്പോഴെന്തുപറ്റി? ആണ്‍ പിറന്നോര്‍ക്ക് പെണ്ണിനെ കിട്ടാതായില്ലേ? പുരനിറഞ്ഞുനില്‍ക്കുന്ന പെണ്ണുങ്ങളെ നോക്കി അപഹാസ്യത്തോടെ നിങ്ങള്‍ നിന്നില്ലേ? ഇന്നിതാ പുരനിറഞ്ഞു നില്‍ക്കുന്ന പുരുഷ കേസരികളെക്കാണുമ്പോള്‍ ഞങ്ങള്‍ ലജ്ജിച്ചു തലതാഴ്ത്തുന്നു.
എന്നും നിങ്ങളെ കാത്തും, കരുതിയും അനുസരിച്ചും വിധേയത്വം കാണിച്ചും സ്ത്രീ സമൂഹം ജീവിക്കുമെന്ന് നിങ്ങള്‍ കരുതിയിരുന്നില്ലേ?
പതിനെട്ടു വയസ്സ് പ്രായത്തിലെത്തിയ പെണ്‍കുഞ്ഞുങ്ങളെ നോക്കി ഇതേ വരെ ഒന്നും ശരിയായില്ലേയെന്ന് ആകാംക്ഷയാണെന്ന് തോന്നിക്കും വിധം നിങ്ങള്‍ ആക്ഷേപിച്ചു നടന്നില്ലേ? ഇല്ല, ഞങ്ങള്‍ക്കിനി ആണ്‍ തുണയില്ലാതെ ജീവിക്കാനുള്ള ശക്തി ഞങ്ങള്‍ നേടിക്കഴിഞ്ഞു. വിവാഹമാണ് ജീവിതത്തിന്റെ ആത്യന്തികലക്ഷ്യമെന്ന് ഇനിഞങ്ങള്‍ വിശ്വസിക്കില്ല. സ്വതന്ത്രമായി ജീവിക്കാനറിയാം. സ്വന്തം കാലില്‍ നിന്ന് കൊണ്ട് അധ്വാനിച്ച് മുന്നേറും ഞങ്ങള്‍. എന്തോരു അവജ്ഞയാണ് പെണ്‍ പിറന്നോരോട് കാണിച്ചു കൊണ്ടിരുന്നത്. പറഞ്ഞു പ്രചരിപ്പിച്ചു കൊണ്ടിരുന്നത്. അബലകളെന്നു വിളിച്ച് ആക്രോശിച്ച് നടന്നില്ലേ? വീടിനകത്ത് അടങ്ങിയൊതുങ്ങി കഴിയേണ്ടവരാണെന്ന് ചൊല്ലി നടന്നില്ലേ?
വിവാഹിതയായി ഒരു വര്‍ഷം പിന്നിടുമ്പോള്‍ നിങ്ങള്‍ക്ക് ആധിയായില്ലേ? ‘എന്താ ആയില്ലേ?’ ‘അവള്‍ക്ക് എന്തോ കുഴപ്പമുണ്ട്’ എന്നൊക്കെ പഴിചാരില്ലേ? കുഞ്ഞുങ്ങളില്ലാതെയും ജീവിക്കാനാവും. കുഞ്ഞുങ്ങള്‍ വേണമെന്ന് തോന്നുമ്പോള്‍ ഞങ്ങള്‍ തീരുമാനിക്കും. പ്രസവിക്കാനുള്ള യന്ത്രങ്ങളാണ് ഞങ്ങള്‍ എന്ന പുരുഷ മനോഭാവത്തിന് അറുതിവരുത്തും. സ്ത്രീധനവും കുടുംബ മാന്യതയും സൗന്ദര്യവും ജോലിയുമൊക്കെ ഒത്തുവന്നാലെ വിവാഹം നടത്തൂ എന്ന ആണ്‍ചിന്തയ്ക്ക് ഇപ്പോള്‍ അറുതി വന്നില്ലേ? ഇതൊന്നും വേണ്ട ‘നീ കൂടെ വന്നാല്‍ മാത്രം മതി’ എന്ന ആവശ്യത്തില്‍ നിങ്ങള്‍ ഒതുങ്ങിയില്ലേ?
ഞങ്ങള്‍ ഇനി കുടുംബത്തിന് ബാധ്യതയായി മാറില്ല പകരം കുടുംബത്തിനുള്ള സമ്പത്തായി മാറും. പുരുഷന്മാരുടെ പഞ്ചാര വാക്കു കേട്ട് അവര്‍ക്ക് വഴങ്ങിക്കൊടുക്കുന്ന മൂധേവികളല്ല ഞങ്ങള്‍. ഒളിച്ചോടി എന്ന അപഹാസ്യവാക്കു പ്രയോഗം മാറ്റേണ്ട കാലം കഴിഞ്ഞു. ഇനിതെളിഞ്ഞു നിന്ന് തന്നെ പുരുഷനെ കണ്ടെത്തും.
ഒപ്പം പോകും. ശരിക്കും അവനെ പഠിച്ചിട്ടേ കൂട്ടുകാരനാക്കൂ. ഇനി സമപ്രായക്കാരെ നോക്കിയാണ് പങ്കാളിയെ കണ്ടെത്തുക. എല്ലാത്തിലും തുല്യത നോക്കും. ഞങ്ങള്‍ സ്വതന്ത്രരാണ്. സ്വയം അധ്വാനിക്കുകയും വരുമാനമുണ്ടാക്കുകയും സ്വന്തം ഇഷ്ടപ്രകാരം ചെലവഴിക്കുകയും ചെയ്യും. എവിടെയെങ്കിലും യാത്ര പോകാനും എന്തേലും വാങ്ങാനും അനുവാദത്തിനു വേണ്ടി കാത്തു നില്‍ക്കുന്ന അവസ്ഥ ഇനിയില്ല. ജാതിയും മതവും ജാതകവും പൊരുത്തവും നോക്കി പങ്കാളിയെ കണ്ടെത്തുന്ന രീതിയും ഞങ്ങള്‍ അവസാനിപ്പിക്കും. പരസ്പരം ഒത്തുപോകാന്‍ പറ്റുന്ന വ്യക്തിയുടെ സ്വഭാവ പെരുമാറ്റരീതികള്‍ മനസ്സിലാക്കി മാത്രമെ ജീവിതത്തില്‍ ഒന്നാവൂ. എപ്പോഴാണോ മാനസികമായി യോജിച്ചു പോകാന്‍ പറ്റാതാവുന്നത് അപ്പോള്‍ ബന്ധം ഉപേക്ഷിച്ചു പോകാനും ഞങ്ങള്‍ പ്രാപ്തരായിക്കഴിഞ്ഞു.
വിവാഹമേ വേണ്ടെന്നു വെക്കാനും, വിവാഹമോചനത്തിന്ന് മുന്നിട്ടിറങ്ങാനും ഞങ്ങള്‍ റെഡിയായിക്കഴിഞ്ഞു. പണ്ടത്തെ പോലെ ‘ഭര്‍ത്താവിനെ സ്‌നേഹിക്കുകയും, ബഹുമാനിക്കുകയും പരിപാലിക്കുകയും അനുസരിക്കുകയും സേവിക്കുകയും ചെയ്യണമെന്ന ഉപദേശത്തെ ചെവിക്കൊള്ളാന്‍ ഞങ്ങള്‍ക്കാവില്ല. പരസ്പരം സ്‌നേഹിക്കുകയും സഹകരിക്കുകയും എല്ലാ കാര്യത്തിലും തുല്യപരിഗണന നല്‍കുകയും ചെയ്യുന്ന വിവാഹ ജീവിതമാണ് ഞങ്ങള്‍ക്ക് വേണ്ടത്. വസ്ത്രധാരണത്തിന്റെ കാര്യത്തിലും ഭക്ഷണ ശീലത്തിന്റെ കാര്യത്തിലും ഓരോ വ്യക്തിയും ആഗ്രഹിക്കുന്നതെന്തോ അത് നിര്‍വ്വഹിക്കാന്‍ അനുവദിക്കണം.
ഭര്‍തൃവീട്ടിലേക്ക് കയറിച്ചെല്ലുമ്പോള്‍ മുതല്‍ വെപ്പാട്ടിയായി പരിഗണിക്കുന്ന രീതിയും ഞങ്ങള്‍ അവഗണിക്കും.
പെണ്ണുകിട്ടാതെ പുരുഷന്മാര്‍ പരക്കംപായുന്ന അവസ്ഥയ്ക്ക് പരിഹാരം കാണണമെങ്കില്‍ ഇതെല്ലാം പരിഹരിച്ചേ പറ്റൂ. ജാതി മത വ്യത്യാസമില്ലാതെ സ്ത്രീപുരുഷ വിവാഹ ബന്ധം നടത്തേണ്ടിവരും. ജാതീയ ഉയര്‍ച്ചതാഴ്ചകള്‍ വലിച്ചെറിയണം. അതിപ്പോള്‍ തന്നെ നടപ്പിലായിക്കഴിഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page