കണ്ണൂര്‍: സ്‌കൂട്ടിയും ഗൂഡ്‌സ് ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ചു. അഞ്ചാം പീടിക, ആംസ്റ്റക്ക് കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ചേലേരിമുക്ക്, കയ്യങ്കോടെ പി.ബി മുഹമ്മദ് (19) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ചേലേരി മുക്കിലെ സല്‍മാ(19)നെ കണ്ണൂര്‍ എ.കെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗൂഡ്‌സ് ഓട്ടോയില്‍ ഉണ്ടായിരുന്ന ഒഴക്രോം സ്വദേശി കെ.എം പ്രദീപന്‍ (56), കരിമ്പം പനക്കാട്ടെ സി. ഷിജിന്‍ (29) എന്നിവരെ തളിപ്പറമ്പിലെ ലൂര്‍ദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ ഒന്‍പതരയോടെ ധര്‍മ്മശാല, അഞ്ചാംപീടിക റോഡില്‍ കല്യാശ്ശേരി വീവേഴ്‌സ് സൊസൈറ്റിക്ക് സമീപത്താണ് അപകടം. ചേലേരിയില്‍ നിന്നു ധര്‍മ്മശാല വഴി കോളേജിലേക്കു പോവുകയായിരുന്നു മുഹമ്മദും സല്‍മാനും. മരണപ്പെട്ട മുഹമ്മദ് ആംസ്റ്റക്കിലെ രണ്ടാംവര്‍ഷ ബി.എ ഇംഗ്ലീഷ് വിദ്യാര്‍ത്ഥിയും പരിക്കേറ്റ സല്‍മാന്‍ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിയുമാണ്. കെ.ടി മുസ്തഫ-മുനീറ ദമ്പതികളുടെ മകനാണ് മുഹമ്മദ്. സഹോദരന്‍: അബ്ദുല്‍ സമദ്.
