തിരുവനന്തപുരം: ലൈംഗിക പീഡനക്കേസില്‍ നടന്‍ സിദ്ദിഖിന് ജാമ്യം ലഭിച്ചു. കര്‍ശന ഉപാധികളോടെയാണ് തിരുവനന്തപുരം ജില്ലാ മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണം, പ്രതി സംസ്ഥാനം വിട്ടുപോകാന്‍ പാടില്ല, പരാതിക്കാരിയെ മാനസികമായി തളര്‍ത്തുന്ന വിധത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റിടാന്‍ പാടില്ല, അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുന്ന സമയത്ത് ഹാജരാകാകണം, പാസ്പോര്‍ട്ട് കോടതിയില്‍ കെട്ടിവയ്ക്കണം, സുപ്രീം കോടതി വ്യവസ്ഥകള്‍ പാലിക്കണമെന്നും കോടതി നിര്‍ദേശിച്ചു. സുപ്രീം കോടതി നേരത്തെ സിദ്ദിഖിന് മുന്‍കൂര്‍ജാമ്യം നല്‍കിയിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയാല്‍ കോടതിയില്‍ ഹാജരാക്കി ഉടന്‍ ജാമ്യത്തില്‍ വിട്ടയക്കാനാണ് സുപ്രീം കോടതി നിര്‍ദ്ദേശം. അന്വേഷണ ഉദ്യോഗസ്ഥനായ അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് മുന്നില്‍ രാവിലെയാണ് സിദ്ദിഖ് ഹാജരായത്. കേസില്‍ നേരത്തെ സിദ്ധിഖ് ചോദ്യം ചെയ്യലിനായി രണ്ട് തവണ ഹാജരായിരുന്നു.
സിദ്ദിഖ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് വീണ്ടും പൊലീസ് കോടതിയെ അറിയിച്ചു. സിദ്ദിഖ് അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചെന്നും, കര്‍ശന വ്യവസ്ഥകള്‍ വേണമെന്നും ചൂണ്ടിക്കാട്ടി പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന് പിന്നാലെയാണ് കോടതിയുടെ ഉത്തരവ്.
