ആലപ്പുഴ: കളര്‍കോട് വാഹനാപകടത്തിന് ഇടയാക്കിയ കാര്‍ വാടകയ്ക്ക് എടുത്തത് തന്നെയെന്ന് പൊലീസ്. കാറോടിച്ച ഗൗരീശങ്കര്‍ കാര്‍ ഉടമയ്ക്ക് ആയിരം രൂപ ഗൂഗിള്‍ പേ ചെയ്തതിന്റെ തെളിവ് ലഭിച്ചതോടെയാണ് പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചത്. അതേസമയം കാര്‍ വാടകക്കല്ല സൗഹൃദത്തിന്റെ പേരിലായിരുന്നു നല്‍കിയതെന്നായിരുന്നു വാഹന ഉടമ ആദ്യം മൊഴി നല്‍കിയത്. ഈ വാദങ്ങളെ തള്ളുന്നതാണ് പുതിയ കണ്ടെത്തല്‍. സംഭവത്തില്‍ കാറോടിച്ച ഗൗരീശങ്കറിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തിട്ടുണ്ട്.
വാഹനമോടിച്ച വിദ്യാര്‍ഥിയുടെ വീഴ്ചയാണ് അപകടത്തിന് ഇടയാക്കിയത് എന്ന പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഗൗരീശങ്കറിനെ പൊലീസ് പ്രതി ചേര്‍ത്തിരിക്കുന്നത്. ഇതിനൊപ്പം കേസില്‍ നേരത്തെ പ്രതി ചേര്‍ക്കപ്പെട്ടിരുന്ന കെഎസ്ആര്‍ടിസി ഡ്രൈവറെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി.
ആലപ്പുഴ സൗത്ത് പൊലീസ് ആണ് വാഹനാപകടവുമായി ബന്ധപ്പെട്ടുള്ള അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.
