കാസര്‍കോട്: പുതുവത്സരാഘോഷത്തിനായി അതിര്‍ത്തി കടന്ന് മയക്കുമരുന്നു എത്താന്‍ സാധ്യതയുണ്ടെന്ന സൂചനകളുടെ അടിസ്ഥാനത്തില്‍ പൊലീസ് പ്രത്യേക പരിശോധന ആരംഭിച്ചു. ഓപ്പറേഷന്‍ ന്യൂ ഇയര്‍ ഹണ്ട് എന്ന് പേരിട്ടിട്ടുള്ള പരിശോധനയില്‍ ചൊവ്വാഴ്ച മൂന്നിടത്തു മയക്കുമരുന്നു പിടികൂടി.
സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 30.22 ഗ്രാം എം.ഡി.എം.എയുമായി മുളിയാര്‍, മാസ്തിക്കുണ്ടിലെ അഷ്‌റഫ് അഹമ്മദ് അബ്ദുള്ള ഷേഖി (44)നെയാണ് കാസര്‍കോട് ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ പി. നളിനാക്ഷന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. ചൊവ്വാഴ്ച രാത്രി 9.45 മണിക്ക് ആര്‍.ഡി നഗറില്‍ വച്ചാണ് മയക്കുമരുന്ന് പിടികൂടിയത്. ഉളിയത്തടുത്ത ഭാഗത്തേക്ക് പോവുകയായിരുന്ന താല്‍ക്കാലിക രജിസ്‌ട്രേഷനിലുള്ള സ്‌കൂട്ടര്‍ തടഞ്ഞു നിര്‍ത്തി പരിശോധന നടത്തിയപ്പോഴാണ് എം.ഡി.എം.എ കണ്ടെത്തിയതെന്നു പൊലീസ് പറഞ്ഞു. സ്‌കൂട്ടറും 13,300 രൂപയും കസ്റ്റഡിയിലെടുത്തതായി കൂട്ടിച്ചേര്‍ത്തു.
രഹസ്യ വിവരത്തെ തുടര്‍ന്ന് മഞ്ചേശ്വരം പൊലീസ് ഇന്‍സ്‌പെക്ടര്‍ ഇ. അനൂബ് കുമാറും സംഘവും മീഞ്ച, ശ്യാമപദവിലെ ചെങ്കല്‍ ക്വാറയിലെ കുറ്റിക്കാട്ടില്‍ നടത്തിയ പരിശോധനയില്‍ 22 ഗ്രാം എം.ഡി.എം.എ പിടികൂടി. മയക്കുമരുന്നു വില്‍പ്പനയ്ക്കായി ഒളിപ്പിച്ചു വച്ച ആളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ അറസ്റ്റു ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
പൊലീസ് സംഘത്തില്‍ എസ്.ഐ.മാരായ രതീഷ്‌ഗോപി, കെ.ആര്‍ ഉമേശ്, പൊലീസുകാരായ സജിത്ത്, വിജിന്‍, സന്ദീപ് എന്നിവരും ഉണ്ടായിരുന്നു.
കാഞ്ഞങ്ങാട്ട് പൊലീസിനെ കണ്ട് സ്‌കൂട്ടര്‍ ഉപേക്ഷിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ച മുറിയനാവി, കല്ലൂരാവി ഹൗസിലെ പി. ഷാജഹാനെ (41) എസ്.ഐ കെ. അനൂപും സംഘവും അറസ്റ്റു ചെയ്തു. ഇയാളില്‍ നിന്നു 2.940 ഗ്രാം എം.ഡി.എം.എ പിടികൂടിയതായി പൊലീസ് പറഞ്ഞു.
