കണ്ണൂര്‍: സ്വകാര്യ ബസിലിടിച്ച് നിര്‍ത്താതെപോയ കാറില്‍ നിന്നും പൊലീസ് എം.ഡി.എം.എ പിടിച്ചെടുത്തു. രണ്ടുപേരെ അറസ്റ്റ് ചെയ്തു.
ചൊവ്വാഴ്ച അര്‍ധരാത്രി ഇരിട്ടി കീഴൂരിലാണ് സംഭവം. പയ്യന്നൂരില്‍ നിന്ന് ബംഗ്ളൂരുവിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസില്‍ കാര്‍ ഇടിക്കുകയായിരുന്നു. ഇടിച്ചശേഷം അമിതവേഗതയില്‍ കാര്‍ ഓടിച്ചുപോയി. ബസ് ഡ്രൈവര്‍ ഉടന്‍ ഇരിട്ടി പൊലീസില്‍ വിവരമറിയിച്ചു. ഇന്‍സ്‌പെക്ടര്‍ എ. കുട്ടികൃഷ്ണന്‍, എസ്.ഐ കെ. ഷര്‍ഫുദീന്‍ എന്നിവരുടെ നേതൃത്വത്തിലെത്തിയ പൊലീസ് പ്രദേശത്താകെ പരിശോധന നടത്തി. അതിനിടയിലാണ് മട്ടന്നൂര്‍ പാലോട്ടുപള്ളി റോഡില്‍ സൈഡ് തകര്‍ന്നനിലയില്‍ ഫോര്‍ച്യൂണ്‍ കാര്‍ കണ്ടെത്തിയതായി പൊലീസിന് വിവരം ലഭിച്ചത്. പൊലീസ് സ്ഥലത്തെത്തി കാറിലുണ്ടായിരുന്ന മയ്യില്‍ ഓലക്കാട് റഷീദ് മന്‍സിലിലെ അബ്ദുള്‍ഖാദറെയും(42) കെ.എസ്.ഇ.ബി ജീവനക്കാരന്‍ മയ്യില്‍ സ്വദേശി ശാന്തി ഭവനില്‍ ദിലീഷിനെയും(43) കസ്റ്റഡിയിലെടുത്തു. കാര്‍ ഇരിട്ടി പോലീസ് സ്റ്റേഷനിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് അതിനകത്ത് നിന്ന് 0.290 എം.ഡി.എം.എ കണ്ടെടുത്തത്.
എട്ടേയാറിലെ ഹോട്ടല്‍ വ്യാപാരിയാണ് പിടിയിലായ അബ്ദുള്‍ഖാദര്‍. കഴിഞ്ഞദിവസം മയ്യില്‍ ടൗണിലെ എം.എം.സി ആശുപത്രിയില്‍ കയറി ഡോ. ജിയോഫ് നിഹാലിനെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിയാണിയാളെന്നും പൊലീസ് പറഞ്ഞു. കസ്റ്റഡിയിലെടുത്ത കാര്‍ മട്ടന്നൂര്‍ കോടതിയില്‍ ഹാജരാക്കി.
