ഓസ്‌കര്‍ പുരസ്‌കാര പ്രാഥമിക പട്ടികയില്‍ ഇടം പിടിച്ച് ബ്ലെസി ചിത്രം ആടുജീവിതത്തിലെ ഗാനങ്ങള്‍. ചിത്രത്തിലെ ‘ഇസ്തിഗ്ഫര്‍’, ‘പുതുമഴ’ എന്നീ ഗാനങ്ങളും ചിത്രത്തിന്റെ ഒറിജിനല്‍ സ്‌കോറുമാണ് ഓസ്‌കര്‍ പുരസ്‌കാരത്തിന്റെ പ്രാഥമിക പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്.
ഓസ്‌കര്‍ പുരസ്‌കാരത്തിന്റെ പ്രാഥമിക പട്ടികയില്‍ 89 ഗാനങ്ങളും 146 സ്‌കോറുകളുമാണുള്ളത്. ഡിസംബര്‍ 9 മുതല്‍ 13 വരെ നടക്കുന്ന വോട്ടിങ്ങിന് ശേഷം ഡിസംബര്‍ 17 ന് ഇതിന്റെ ഷോര്‍ട്ട്ലിസ്റ്റ് പ്രഖ്യാപിക്കും.
നേരത്തെ ഹോളിവുഡ് മ്യൂസിക് ഇന്‍ മീഡിയ പുരസ്‌കാരം ആടുജീവിതം സ്വന്തമാക്കിയിരുന്നു. വിദേശ ഭാഷാ ചിത്രങ്ങളുടെ വിഭാഗത്തില്‍ മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്‌കാരമാണ് ചിത്രത്തിന് ലഭിച്ചത്. ഓസ്‌കര്‍ പുരസ്‌കാരത്തിലേക്ക് ആടുജീവിതം എത്തുന്നതോടെ മലയാള സിനിമയുടെ അന്തര്‍ദേശീയ പ്രശസ്തി വര്‍ധിക്കുക്കയാണ് ചെയ്യുന്നത്. ബ്ലെസി, പൃഥ്വിരാജ്, എ.ആര്‍. റഹ്‌മാന്‍ എന്നിവരുടെ കഠിനാധ്വാനത്തിന്റെയും സര്‍ഗ്ഗാത്മകതയുടെയും ഫലമാണ് ഈ നേട്ടം. റഫീഖ് അഹമ്മദാണ് ഗാനരചന.
മലയാളികളും ഇന്ത്യന്‍ സിനിമാ പ്രേമികളും ഒന്നടങ്കം ഓസ്‌കര്‍ അവാര്‍ഡ് പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ്.