ദുബൈ: യു.എ.ഇ ദേശീയദിന ആഘോഷമായ ഇമാറാത്ത് അല്‍ ഇത്തിഹാദിനു ലണ്ടനില്‍ അലങ്കരിച്ച വാഹനവുമായി മലയാളിയുടെ വാഹന പ്രചരണ യാത്ര.
ദുബൈയില്‍ എല്ലാ യു.എ.ഇ ദേശീയ ദിനാഘോഷ വേളകളിലും വാഹനം അലങ്കരിച്ചു ശ്രദ്ധേയനായ കാസര്‍കോട് ബേക്കല്‍ സ്വദേശി ഇഖ്ബാല്‍ ഹബ്തൂറാണ് വേറിട്ട വഴി തിരഞ്ഞെടുത്തത്.
ലണ്ടനിലെ ബക്കിംഗ്ഹാം കൊട്ടാരം, പാര്‍ലമെന്റ് മന്ദിരം, ലണ്ടന്‍ ബ്രിഡ്ജ് തുടങ്ങിയ സ്ഥലങ്ങളില്‍ യു.എ.ഇ ഭരണാധികാരികളുടെ ചിത്രങ്ങളും പതാകയും ആലേഖനം ചെയ്ത വാഹനമാണ് പ്രചരണ യാത്ര നടത്തിയത്.
നിരവധി വിദേശികള്‍ ഇതിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയതായി ഇഖ്ബാല്‍ അറിയിച്ചു.
53-ാം ദേശീയദിനമായതിനാല്‍ 53 വര്‍ഷം പഴക്കമുള്ള ക്ലാസിക് വാഹനമാണ് പ്രചരണത്തിനു വേണ്ടി അലങ്കരിച്ചത്. യു.എ .ഇ പ്രസിഡന്റ് മുഹമ്മദ് ബിന്‍ സായിദ്, യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് തുടങ്ങിയവരുടെ ചിത്രങ്ങളാണ് വാഹനത്തില്‍ പതിച്ചത്.
കഴിഞ്ഞ 13 വര്‍ഷമായി ഇഖ്ബാല്‍ ദുബൈയില്‍ കാര്‍ പ്രദര്‍ശനം നടത്തിയിട്ടുണ്ട്. ഭരണാധികാരികളുടെ പ്രശംസയും നിരവധി പുരസ്‌കാരങ്ങളും ഇഖ്ബാല്‍ നേടിയിട്ടുണ്ട്. ബന്ധുവും ബ്രിട്ടീഷ് പൗരനുമായ സഹീര്‍ റഹ്‌മാനും വാഹനപ്രചാരണത്തില്‍ പങ്കെടുത്തു.
