കണ്ണൂര്‍: വീട്ടിനകത്ത് അടുക്കളയില്‍ ഒളിപ്പിച്ചു വച്ച 15.37 ഗ്രാം എം.ഡി.എം.എ.യുമായി യുവാവ് അറസ്റ്റില്‍. മട്ടന്നൂര്‍, എടയന്നൂര്‍, പഴയേടത്ത് ഹൗസില്‍ സി.എം സലീമി(44)നെയാണ് മട്ടന്നൂര്‍ എസ്.ഐ. എ നിതിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. ഡാന്‍സാഫ് ടീമിന്റെ സഹായത്തോടെയായിരുന്നു മയക്കുമരുന്നു പിടികൂടിയത്. രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പൊലീസ് സലീമിന്റെ വീട്ടില്‍ എത്തിയത്. പൊലീസിനെ കണ്ടതോടെ മുറ്റത്തുണ്ടായിരുന്ന സലിം ഓടി വീട്ടിനു അകത്തു കയറി. പിന്നാലെ തന്നെ പൊലീസും വീട്ടിനകത്തു കയറി നടത്തിയ പരിശോധനയിലാണ് അടുക്കളയിലെ അലമാരയില്‍ ഒളിപ്പിച്ച നിലയില്‍ എം.ഡി.എം.എ കണ്ടെത്തിയത്. മയക്കുമരുന്നു വില്‍പ്പന നടത്തിയ വകയില്‍ ലഭിച്ച 13000 രൂപയും മൊബൈല്‍ ഫോണും പൊലീസ് കസ്റ്റഡിയിലെടുത്തു. കുറ്റ്യാടിയിലെ ഒരു സ്ത്രീക്ക് 1,28,000 രൂപ നല്‍കി 30 ഗ്രാം എം.ഡി.എം.എ വാങ്ങിയതിന്റെ തെളിവുകള്‍ സലീമിന്റെ ഫോണില്‍ നിന്നു ലഭിച്ചതായി പൊലീസ് പറഞ്ഞു.
ചൂതാട്ടം പതിവാക്കിയതിന്റെ പേരില്‍ ഉണ്ടായ കടത്തില്‍ നിന്നു രക്ഷപ്പെടുന്നതിനാണ് സലിം മയക്കുമരുന്നു ഇടപാടിലേക്ക് തിരിഞ്ഞതെന്നും ഇയാള്‍ നിരീക്ഷണത്തിലായിരുന്നുവെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
