കാസര്‍കോട്: ദേശീയപാതയില്‍ ഡിവൈഡര്‍ ആയി വെച്ച 10 ബാരലുകള്‍ മോഷ്ടിച്ച് ടെമ്പോയില്‍ കടത്തുന്നത് പതിവാക്കിയ ഡ്രൈവര്‍ അറസ്റ്റില്‍. ചിക്കമംഗ്‌ളൂരു സ്വദേശി വിനയകുമാര്‍ (29) ആണ് പിടിയിലായത്. ഷിറിയയില്‍ ദേശീയപാതയില്‍ റോഡ് നവീകരണത്തിന്റെ ഭാഗമായി കരാറുകാരായ ഉരാളുങ്കല്‍ സൊസൈറ്റി ഡിവൈഡറായി വെച്ചിരുന്ന പത്ത് ബാരലുകളാണ് മോഷ്ടിച്ച് കൊണ്ട് പോകാന്‍ ശ്രമിച്ചത്. നേരത്തെയും സമാനമായ മോഷണം നടന്നതിനാല്‍ കരാറുകാര്‍ നിരീക്ഷണം നടത്തിവരികയായിരുന്നു. കോഴിക്കടത്തിന്റെ മറവിലാണ് മോഷണം നടത്തിയത്. കോഴിക്കച്ചവടം കഴിഞ്ഞ് തിരിച്ചുപോകുമ്പോള്‍ ടെമ്പോയില്‍ ബാരലുകള്‍ കടത്തുകയാണ് യുവാവിന്റെ മോഷണ രീതി. ചൊവ്വാഴ്ച രാവിലെ ബാരലുകള്‍ കടത്തികൊണ്ടുപോകാന്‍ ശ്രമിക്കവെ തൊഴിലാളികള്‍ വാഹനം തടഞ്ഞുവച്ച് യുവാവിനെ പിടികൂടുകയായിരുന്നു. തുടര്‍ന്ന്
പൊലീസിനെ വിവരമറിയിച്ചു. ഇന്‍സ്‌പെക്ടര്‍ കെ.പി.വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ എസ്.ഐ ശ്രീജേഷ്, പൊലീസുദ്യോഗസ്ഥനായ ചന്ദ്രനും ചേര്‍ന്നാണ് പ്രതിയെ അറസ്റ്റുചെയ്തത്. ബാരലിന് പതിനായിരം രൂപ വിലവരുമെന്ന് കരാര്‍ കമ്പനി അധികൃതര്‍ പറഞ്ഞു. ടെമ്പോയും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയെ കാസര്‍കോട് കോടതിയില്‍ ഹാജരാക്കും.