കൊച്ചി/കാസര്‍കോട്: കാസര്‍കോട്, പെരിയ, കല്യോട്ടെ രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ബൈക്ക് തടഞ്ഞു നിര്‍ത്തി വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ അന്തിമവാദം കൊച്ചി സിബിഐ കോടതിയില്‍ പൂര്‍ത്തിയായി. വിധി പ്രസ്താവന തീയതി പ്രഖ്യാപിക്കുന്നതിനായി കേസ് ഡിസംബര്‍ 13ലേക്ക് മാറ്റിവച്ചു. കേസിന്റെ വിചാരണ നേരത്തെ പൂര്‍ത്തിയായിരുന്നു. എന്നാല്‍ ഫോറന്‍സിക് പരിശോധന, പ്രതികളുടെ സിഡിആര്‍ എന്നിവ സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നു പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതു സംബന്ധിച്ച വാദം തിങ്കളാഴ്ച കോടതിയില്‍ നടന്നു. ഇതോടെയാണ് വിധി പ്രസ്താവന തീയതി നിശ്ചയിക്കുന്നതിനായി ഇരട്ടക്കൊലക്കേസ് ഡിസംബര്‍ 13ലേക്ക് മാറ്റി വച്ചത്. ഈ മാസം തന്നെ വിധി പ്രസ്താവന ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിധി എന്തായിരിക്കുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് സിപിഎം-കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍.
2019 ഫെബ്രുവരി 17ന് ആണ് കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാല്‍, കൃപേഷ് എന്നിവര്‍ കൊല്ലപ്പെട്ടത്. 24 പ്രതികളുള്ള കേസില്‍ 16 പേരും ഇപ്പോഴും ജയിലിലാണ്. ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് സുപ്രിം കോടതിയുടെ അന്തിമ വിധിയോടെയാണ് സിബിഐയ്ക്ക് വിട്ടത്. കല്യോട്ടെ സിപിഎം പ്രാദേശിക നേതാവ് പീതാംബരന്‍ ആണ് കേസിലെ ഒന്നാം പ്രതി. അഞ്ചു പ്രതികളെ സിബിഐ ആണ് അറസ്റ്റു ചെയ്തത്. സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം കെ.വി കുഞ്ഞിരാമനും കേസില്‍ പ്രതിയാണ്.
