കാസര്‍കോട്: കാസര്‍കോട്ടെ ഓട്ടോ ഡ്രൈവര്‍ അബ്ദുല്‍ സത്താറിന്റെ ആത്മഹത്യാ കേസില്‍ ആരോപണ വിധേയനായതിനെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായ എസ്.ഐ അനൂബിനെ ജില്ലാ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. കാസര്‍കോട്ടേക്ക് വിളിച്ചു വരുത്തിയാണ് അനൂബില്‍ നിന്നു മൊഴിയെടുത്തത്. ഡിവൈ.എസ്.പി ടി. ഉത്തംദാസാണ് മൊഴിയെടുത്തത്. ഒക്ടോബര്‍ 7നു വൈകുന്നേരമാണ് കാസര്‍കോട്ടെ ഓട്ടോ ഡ്രൈവറായ അബ്ദുല്‍ സത്താറിനെ തായലങ്ങാടിയിലെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. തന്റെ ഓട്ടോ പൊലീസ് അകാരണമായി പിടിച്ചു വച്ചിരിക്കുന്നുവെന്നും ഇതിന്റെ മനോവിഷമത്തില്‍ ജീവനൊടുക്കുന്നുവെന്നും ഫേസ്ബുക്കില്‍ പോസ്റ്റിട്ട ശേഷമാണ് അബ്ദുല്‍ സത്താര്‍ ജീവനൊടുക്കിയത്. എസ്.ഐ അനൂബിന്റെ പീഡനമാണ് ആത്മഹത്യയ്ക്ക് പ്രേരണയായതെന്നും എസ്.ഐ.ക്കെതിരെ ആത്മഹത്യാപ്രേരണയ്ക്കു കേസെടുക്കണമെന്നും വിവിധ സംഘടനകളില്‍ നിന്നു ശക്തമായ ആവശ്യം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് എസ്.ഐയെ സസ്‌പെന്റ് ചെയ്ത് കേസ് അന്വേഷണ ചുമതല ജില്ലാ ക്രൈംബ്രാഞ്ചിനു കൈമാറിയത്. അന്വേഷണത്തിന്റെ ഭാഗമായി ഒാേട്ടോ ഡ്രൈവര്‍ അബ്ദുല്‍ സത്താറിന്റെ ബന്ധുക്കള്‍ അടക്കമുള്ളവരില്‍ നിന്നു പൊലീസ് മൊഴിയെടുത്തു. ലൈവ് വീഡിയോയുടെ ഉള്ളടക്കത്തെക്കുറിച്ച് വിശദീകരണം തേടി അന്വേഷണ സംഘം ഫേസ്ബുക്കിനു നോട്ടീസയച്ചിട്ടുണ്ട്. പ്രസ്തുത വീഡിയോ കൂടി പരിശോധിക്കുന്നതോടെ കാസര്‍കോട്ട് ഏറെ കോളിളക്കം ഉണ്ടാക്കിയ ഓട്ടോ ഡ്രൈവറുടെ ആത്മഹത്യകേസിന്റെ അന്വേഷണം പൂര്‍ത്തിയാകുമെന്നാണ് സൂചന.