കണ്ണൂര്‍: റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചപ്പോള്‍ നേരത്തെ അവധി പ്രഖ്യാപിക്കാതിരുന്ന കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ. വിജയനെതിരെ സമൂഹമാധ്യമത്തില്‍ വ്യാപക വിമര്‍ശനം. കനത്ത മഴയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ അവധി പ്രഖ്യാപിച്ചത് ഞായറാഴ്ച അര്‍ധരാത്രിയിലാണ്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു കളക്ടര്‍ അവധി പ്രഖ്യാപിച്ചത്. നേരത്തേ അറിയിക്കണ്ടേ അമ്പാനേ, കുറച്ചു കഴിഞ്ഞ് പ്രഖ്യാപിച്ചാല്‍ മതിയായിരുന്നു, രാത്രിയെ പകലാക്കി അധ്വാനിക്കുന്ന പാവം കളക്ടര്‍, ഇതാ പറയുന്നത് രാത്രി വൈകി ഉറങ്ങണം എന്ന്’ എന്നിങ്ങനെയാണ് കലക്ടറുടെ ഫെയ്സ്ബുക്ക് പോസ്റ്റിനു താഴെയുള്ള കമന്റുകള്‍. രാവിലെയാണ് അവധിയാണെന്ന കാര്യം പലരും അറിയുന്നത്. അവധി അറിയാത്ത ചിലരാകട്ടെ വിദ്യാര്‍ഥികളെ സ്‌കൂളിലേക്ക് വിടാനുള്ള തയാറെടുപ്പുകളും നടത്തിയിരുന്നു. വയനാട്, കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച രാത്രി തന്നെ അവധി പ്രഖ്യാപിച്ചിരുന്നു. കാസര്‍കോട് ജില്ലയില്‍ തിങ്കളാഴ്ച പത്തുമണിയോടെയാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. സ്‌കൂള്‍ തുറന്നതിനാല്‍ അവധി പ്രഖ്യാപിച്ചില്ല. കാസര്‍കോട് കളക്ടറുടെ ഫേസ് ബുക്ക് പേജിലെ കമന്റിടുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.