സ്ഥാനമാനങ്ങള്‍ ഇല്ലെങ്കിലും താന്‍ വളരെ പ്രധാനപ്പെട്ട ആളാണെന്ന് എതിരാളികള്‍ കരുതുന്നുവെന്ന് ജി സുധാകരന്‍; കെസി വേണുഗോപാലുമായുള്ള കൂടിക്കാഴ്ച വ്യക്തിപരമെന്ന് ജി സുധാകരന്‍

ആലപ്പുഴ: സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരനുമായി ആലപ്പുഴ എംപിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ കെസി വേണുഗോപാല്‍ കൂടിക്കാഴ്ച നടത്തി. ജി സുധാകരന്റെ വസതിയിലാണ് കൂടിക്കാഴ്ച നടന്നത്. അതേസമയം സൗഹൃദസന്ദര്‍ശനമാണ് നടന്നതെന്ന് ജി സുധാകരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. താന്‍ സുഖമില്ലാതെ കിടന്നപ്പോള്‍ നേരത്തെ വന്നിരുന്നു. ആരോഗ്യവിവരങ്ങള്‍ അറിയാനാണ് വീണ്ടും വന്നതെന്നും തങ്ങള്‍ എത്രയോ കാലം നിയമസഭയില്‍ ഉണ്ടായിരുന്നുവെന്നും ജി സുധാകരന്‍ പറഞ്ഞു. തന്നെ കാണാന്‍ വന്നാല്‍ കെസി വേണുഗോപാല്‍ അദ്ദേഹം സിപിഎമ്മില്‍ ചേരുമോയെന്നും ജി സുധാകരന്‍ ചോദിച്ചു.
ജി സുധാകരനെ കണ്ടത് തികച്ചും വ്യക്തിപരമാണെന്നും രാഷ്ട്രീയമില്ലെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. പ്രിയങ്ക ഗാന്ധിയുടെ സന്ദര്‍ശനത്തില്‍ ലീഗ് പ്രവര്‍ത്തകര്‍ പങ്കെടുക്കാത്തത് പ്രാദേശിക പ്രശ്‌നങ്ങള്‍ എന്തെങ്കിലും ആയിരിക്കും. അത് പരിശോധിക്കുമെന്നും കെസി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
കെ സുരേന്ദ്രന്‍ പറഞ്ഞതിന് താന്‍ സമാധാനം പറയണോയെന്ന് ചോദിച്ച ജി സുധാകരന്‍ അതെന്ത് പത്രധര്‍മമാണെന്ന് മനസ്സിലാകുന്നില്ലെന്നും പറഞ്ഞു. തന്റെ പേര് ആരെല്ലാം ലോകത്ത് പറയുന്നുണ്ട്. അതിനെല്ലാം സമാധാനം പറയുന്ന രീതി നമുക്കില്ലല്ലോ. താന്‍ ഒന്നാമതേ ഇപ്പോള്‍ അധികം പ്രതികരിക്കാറില്ലെന്നും ജി സുധാകരന്‍ പറഞ്ഞു.
തനിക്ക് അസംതൃപ്തിയില്ല. അസ്വസ്ഥത ഉണ്ടാകാന്‍ ഒരുകാര്യവുമില്ല. സിപിഎമ്മിനകത്ത് അസ്വസ്ഥതയാണെന്ന് ഒരു വാര്‍ത്ത മാധ്യമങ്ങള്‍ക്ക് കൊടുക്കണം. താന്‍ വളരെ പ്രധാനപ്പെട്ട ആളാണെന്ന് എതിരാളികള്‍ കരുതുന്നു. പാര്‍ട്ടിയില്‍ സ്ഥാനമാനങ്ങള്‍ ഇല്ലെങ്കിലും പാര്‍ട്ടിയില്‍ ഇല്ലാത്തവര്‍ക്കും പാര്‍ട്ടി വിട്ടുപോകുന്നവര്‍ക്കും തന്നെപ്പറ്റി പറയേണ്ടിവരുന്നു. അത് തന്റെ രാഷ്ട്രീയ ജീവിതം അവര്‍ക്ക് അവഗണിക്കാന്‍ പറ്റാത്തതുകൊണ്ടാണെന്നും ജി സുധാകരന്‍ ചൂണ്ടിക്കാട്ടി.
ജി സുധാകരന്റെ പറവൂരിലെ വീടിനടുത്ത് നടന്ന അമ്പലപ്പുഴ ഏരിയ സമ്മേളനത്തിലേക്ക് അദ്ദേഹത്തിന് ക്ഷണമുണ്ടായിരുന്നില്ലെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു. അതിനിടെ, മുസ്ലീം ലീഗിന്റെ മുഖപത്രമായ ചന്ദ്രികയുടെ പ്രചാരണ പരിപാടിയുടെ ഉദ്ഘാടനത്തില്‍നിന്ന് സുധാകരന്‍ പിന്മാറി. വിവാദങ്ങളിലേക്ക് പോകാന്‍ താല്‍പര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സുധാകരന്റെ പിന്മാറ്റം.

congress-leader-kc-venugopal–visit-to-g-sudhakaran

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page