-റാഷിദ് പൂമാടം
അബുദാബി: മുനമ്പം പ്രശ്‌നം രാഷ്ട്രീയവത്കരിക്കരുതെന്നും അതു മതധ്രുവീകരണത്തിന് ഉപയോഗിക്കരുതെന്നും മലങ്കര ഓര്‍ത്തഡോക്സ് സഭാ പരമാധ്യക്ഷന്‍ മാത്യൂസ് ത്രിതീയന്‍ കാത്തോലിക്കാ ബാവ അബുദാബിയില്‍ പ്രസ്താവിച്ചു. പുനര്‍നിര്‍മാണം പൂര്‍ത്തിയായ സെന്റ് ജോര്‍ജ് ഓര്‍ത്തോഡോക്സ് കത്തീഡ്രല്‍ പള്ളിയുടെ കൂദാശ കര്‍മം നിര്‍വഹിക്കാന്‍ അബുദാബിയില്‍ എത്തിയ കാത്തോലിക്കാ ബാവ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. അവിടെ താമസിക്കുന്നവരെ ഒഴിപ്പിക്കില്ലെന്ന് സര്‍ക്കാര്‍ പ്രസ്താവന നടത്തിയിട്ടുണ്ട്. എന്നാല്‍ രേഖാമൂലം ഉറപ്പ് നല്‍കാന്‍ തയാറായിട്ടില്ല. നമ്മുടെ നാട്ടില്‍ നടക്കുന്ന സാമൂഹ്യവിഷയങ്ങളില്‍ സമചിത്തതയോടെ വേണം മതവിശ്വാസികള്‍ ഇടപെടേണ്ടത്. മതവിഷയങ്ങളെ രാഷ്ട്രീയവത്കരിക്കുന്നതും രാഷ്ട്രീയ വിഷയങ്ങളെ വര്‍ഗീയവത്കരിക്കുന്നതും ശരിയല്ല. മുനമ്പം വിഷയത്തില്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ജാഗ്രതയോടെ ഇടപെടേണ്ടതാണ്. പ്രസ്താവനകള്‍ കൊണ്ട് മാത്രമായില്ലെന്നും മുനമ്പത്ത് താമസിക്കുന്നവര്‍ക്ക് രേഖാമൂലമുള്ള ഉറപ്പ് നല്‍കണമെന്നും കാത്തോലിക്കാ ബാവ പറഞ്ഞു. സര്‍ക്കാര്‍ രേഖാമൂലം ഉറപ്പുനല്‍കാത്തത് കൊണ്ടാണ് മുനമ്പം വഖഫ് ഭൂമിയില്‍ സമരം തുടരുന്നത്. പ്രസ്താവനകള്‍ മാത്രമാകുമ്പോള്‍ അവിടെ താമസിക്കുന്നവരുടെ ആശങ്ക അകലുന്നില്ല. അതുകൊണ്ടാണ് സമരം നീണ്ടുപോവുന്നത്. രാഷ്ട്രീയമായ പ്രഖ്യാപനങ്ങള്‍ക്ക് കൃത്യമായ ഉറപ്പു നല്‍കേണ്ടതാണ്. വിഷയം രമ്യമായി പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയമായ കാര്യങ്ങള്‍ രാഷ്ട്രീയമായി തന്നെ നിലനില്‍ക്കണം. മതപരമായ കാര്യങ്ങളില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടാവാന്‍ പാടില്ല. അത് ശബരിമല ആയാലും വഖഫ് പ്രശ്നമായാലും മുനമ്പം ആയാലും അതുമായി ബന്ധപ്പെട്ടവര്‍ പരിഹാരം കാണണം. അതിനിടയ്ക്ക് ചേരിതിരിഞ്ഞു മത്സരം ഉണ്ടാവുന്നത് രാഷ്ട്രീയമായോ മതപരമായോ സാമൂഹികമായോ ശരിയാവും എന്ന് തോന്നുന്നില്ല. പ്രാദേശിക വിഷയം എന്ന രീതിയില്‍ ഓര്‍ത്തഡോക്സ് സഭയുടെ മെത്രാന്മാര്‍ അവിടെ ഇടപെട്ടിട്ടുണ്ട്. പ്രതിഷേധക്കാരുടെ അവകാശം സംരക്ഷിക്കണം എന്ന രീതിയില്‍ പ്രതിഷേധത്തില്‍ സംബന്ധിച്ചിട്ടുണ്ട്. സഭാ തര്‍ക്കങ്ങളില്‍ സര്‍ക്കാര്‍ അനുകൂല നിലപാടാണ് സ്വീകരിക്കുന്നത്.