കണ്ണൂര്‍: പാട്യം, മുതിയങ്ങ, കുണ്ടഞ്ചാലില്‍ ചന്ദനമോഷണത്തിനു എത്തിയ രണ്ടംഗസംഘം നാട്ടുകാരെ കണ്ടതോടെ ഓടി രക്ഷപ്പെട്ടു. വിവരമറിഞ്ഞ് എത്തിയ കതിരൂര്‍ പൊലീസ് നടത്തിയ പരിശോധനയില്‍ മോഷ്ടാക്കള്‍ ഉപേക്ഷിച്ച ബൈക്കും അരക്വിന്റലോളം ചന്ദനമുട്ടികളും പിടികൂടി. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. സ്ഥലത്തെ ഒരു മരണവീട്ടിലേക്ക് പോകുന്നവരാണ് ബൈക്കില്‍ ചാക്കുകെട്ടുകളുമായി സഞ്ചരിക്കുന്നവരെ ആദ്യം കണ്ടത്. മാലിന്യം തള്ളാനെത്തിയവരാണെന്നു കരുതി ബൈക്കു തടഞ്ഞുനിര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ ചാക്കുകെട്ടുകള്‍ കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞ് സംഘം ഓടിരക്ഷപ്പെടുകയായിരുന്നു. ചാക്കു തുറന്നു നോക്കിയപ്പോഴാണ് ചന്ദനമുട്ടികളാണെന്നു മനസ്സിലായത്. രക്ഷപ്പെട്ടവര്‍ക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
