കാസര്‍കോട്: ദേശീയപാത നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ കുമ്പള ടൗണില്‍ ഉണ്ടാകാന്‍ പോകുന്ന പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കുമ്പള ടൗണ്‍ ആക്ഷന്‍ കമ്മറ്റി മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച് നിവേദനം നല്‍കി. എ കെ എം അഷ്‌റഫ് എം എല്‍ എ, ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായ മഞ്ചുനാഥ ആള്‍വ, സി എ സുബൈര്‍, എ കെ ആരിഫ് എന്നിവരാണ് മുഖ്യമന്ത്രിയെ കണ്ടത്.
ദേശീയപാത വികസനം ഇപ്പോഴത്തെ രീതിയില്‍ നടപ്പാക്കിയാല്‍ കുമ്പള ടൗണ്‍ ഒറ്റപ്പെടുമെന്നും കിന്‍ഫ്രാ പാര്‍ക്ക്, എച്ച് എ എല്‍ എന്നിവിടങ്ങളിലേയ്ക്കുള്ള ചരക്കു നീക്കത്തെ പ്രതികൂലമായി ബാധിക്കുമെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. കുമ്പള ടൗണിലേയ്ക്ക് പ്രവേശിക്കുന്ന ഭാഗത്ത് അടിപ്പാതയോ ഫ്‌ളൈ ഓവറോ നിര്‍മ്മിക്കണമെന്നു നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. പ്രശ്‌നങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായി ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.