ഷാര്‍ജ: ഷാര്‍ജ പ്രിയദര്‍ശിനി ആര്‍ട്‌സ് ആന്‍ഡ് സോഷ്യല്‍ സെന്റര്‍ നേതൃത്വത്തില്‍ ഇന്ത്യന്‍ അസോസിയേഷന്‍ കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച പ്രിയ ഓണം ആഘോഷം കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം ഉദ്ഘാടനം ചെയ്തു. ബഹുസ്വരതയാണ് ഇന്ത്യന്‍ ജനതയെ ഇതുവരെയും ഒരുമിച്ചുനിര്‍ത്തിയതെന്നും, എന്നാല്‍ വര്‍ത്തമാന ഭരണകൂടങ്ങള്‍ അതില്ലാതാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വര്‍ഗീയ പ്രചാരണങ്ങളെ ജനങ്ങള്‍ തൂത്തെറിഞ്ഞുകൊണ്ടാണ് പാലക്കാട് യുഡിഎഫ് വിജയമുണ്ടായതെന്നും ബല്‍റാം അഭിപ്രായപ്പെട്ടു. ചടങ്ങില്‍ എവി കുമാരന്‍ ഉദുമ അധ്യക്ഷത വഹിച്ചു. ഷാന്റി തോമസ് ആമുഖഭാഷണം നടത്തി. ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് നിസാര്‍ തളങ്കര, ജനറല്‍ സെക്രട്ടറി പി ശ്രീപ്രകാശ്, ഇന്ത്യന്‍ അസോസിയേഷന്‍ മാനേജിങ് കമ്മിറ്റി അംഗം എവി മധു എന്നിവര്‍ സംസാരിച്ചു. പ്രിയദര്‍ശിനി ആര്‍ട്‌സ് ആന്‍ഡ് സോഷ്യല്‍ സെന്ററിന്റെ സ്ഥാപകനേതാക്കളായ മാധവന്‍ തച്ചങ്ങാട്, കെവി രവീന്ദ്രന്‍, വി നാരായണന്‍ നായര്‍, കെഎന്‍ രാജന്‍, എകെ. വേണു എന്നിവരെയും ഗര്‍ഷോം പുരസ്‌കാരം നേടിയ സന്തോഷ് കുമാര്‍ കേട്ടത്തിനെയും ആദരിച്ചു. 10, 12 ക്ലാസുകളില്‍ ഉന്നതവിജയം നേടിയ പ്രിയദര്‍ശിനിയുടെ അംഗങ്ങളുടെ മക്കളെ വിദ്യാഭ്യാസ പുരസ്‌കാരങ്ങള്‍ നല്‍കി അനുമോദിച്ചു. പ്രബുദ്ധന്‍ സ്വാഗതവും വിജയകുമാര്‍ നന്ദിയും പറഞ്ഞു. അതുല്‍ നറുകരയുടെ നാടന്‍പാട്ട്, ‘തെക്കിനി’ സംഗീത നൃത്താവിഷ്‌കാരം തുടങ്ങിയ കലാപരിപാടികളും അരങ്ങേറി.
